എസ്‌എഫ്‌ഐ വനിത നേതാവിനെ ആക്രമിച്ച സംഭവം; നാല് വിദ്യാര്‍ഥികള്‍ റിമാന്‍ഡില്‍
മേപ്പാടി : എസ്‌എഫ്‌ഐ ജില്ലാ ജോയിന്റെ സെക്രട്ടറി അപര്‍ണ ഗൗരിയെ ആക്രമിച്ച സംഭവത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ റിമാന്‍ഡില്‍. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ അലന്‍ ആന്‍റണി, മുഹമ്മദ് ഷിബില്‍, അതുല്‍ കെ ഡി, കിരണ്‍ രാജ് എന്നിവരാണ് റിമാന്‍ഡിലായത്. പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച സംഭവത്തിലടക്കം കണ്ടാലറിയാവുന്ന 40 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പോളി ടെക്നിക്ക് കോളേജ് അടച്ചിട്ടു.
മേപ്പാടി പോളിടെക്നിക് കോളേജ് തെരഞ്ഞെടുപ്പിനിടെയാണ് അപര്‍ണ ഗൗരിക്ക് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ അപര്‍ണയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. അപര്‍ണയെ മേപ്പാടി വിംസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പോളിടെക്‌നിക്കലിലെ മയക്കുമരുന്നു സംഘമാണ് അപര്‍ണയ്ക്ക് നേരെ ആക്രമണം നടത്തിയതെന്ന് എസ്‌എഫ്‌ഐ ആരോപിച്ചു. കോളേജിലെ എംഎസ്‌എഫും കെഎസ്‌യുവും വളര്‍ത്തിയ ട്രാബിയൊക്ക് എന്ന മയക്കുമരുന്ന് സംഘമാണ് അപര്‍ണയെ ആക്രമിച്ചതെന്നും എസ്‌എഫ്‌ഐ അറിയിച്ചു. ഇതിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന വീഡിയോയും പുറത്തുവിട്ടിരുന്നു.