സ്വർണവിലയിൽ ഇന്നും വർധന : 40000 ത്തിന് അടുത്തേക്ക് ; മൂന്നു ദിവസത്തിനിടെ പവന് വർധിച്ചത് 800 രൂപ
ഡിസംബർ മാസത്തിൽ സ്വർണവില കുതിപ്പ് തുടരുന്നു. വർഷാവസാനത്തിലേക്ക് കടക്കുന്ന മാസം പവന് 40,000 രൂപ ലക്ഷ്യം വച്ചാണ് സ്വർണത്തിന്റെ കുതിപ്പ്. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 4945 രൂപയും പവന് 39,560 രൂപയുമായി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം പവന് 800 രൂപയാണ് വർധിച്ചത്.
നവംബർ 30 ന് 38,760 രൂപയായിരുന്ന വില ഡിസംബർ ഒന്നിന് 39,000 രൂപയായി. രണ്ടിന് 400 രൂപ വർധിച്ച് പവന് 39,400 രൂപയായിരുന്നു. നവംബർ മാസം 37,280 രൂപയിൽ തുടങ്ങി, പകുതി പിന്നിട്ടപ്പോൾ 39,000 രൂപയിലെത്തി. എന്നാൽ മാസം അവസാനിച്ചപ്പോൾ 39,000 ത്തിന് താഴേക്ക് സ്വർണനിരക്ക് എത്തിയിരുന്നു.
ദേശീയതലത്തിൽ ഇന്ന് സ്വർണവില കൂടി. ശനിയാഴ്ച 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് 550 രൂപ വർധിച്ച് 53,730 രൂപയിലാണ് വിൽക്കുന്നത്. വെള്ളിവില കിലോയ്ക്ക് 700 രൂപ വർധിച്ച് 64,300 രൂപയായി. മുംബൈ, കൊൽക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിൽ 24 കാരറ്റ്, 22 കാരറ്റ് സ്വർണവില യഥാക്രമം 53,7300 രൂപയും 49,250 രൂപയുമാണ്. ഡൽഹിയിൽ വില 53,900 രൂപയും 49,400 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ചെന്നൈയിൽ വില 54,760 രൂപയും 50,200 രൂപയുമാണ്.