ഓപ്പറേഷൻ കുബേര : വായ്പനൽകി കൊള്ളപ്പലിശ ഈടാക്കിയയാൾ അറസ്റ്റിൽ
മാനന്തവാടി: പണം വായ്പനൽകി കൊള്ളപ്പലിശ ഈടാക്കിയയാൾ അറസ്റ്റിൽ. മാനന്തവാടി മൈത്രിനഗർ ഗീതാ നിവാസിൽ എം.ബി പ്രതീഷ് (47) ആണ് പിടിയിലായത്.
മാനന്തവാടി ചൂട്ടക്കടവ് റോഡിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ മറവിലാണ് പ്രതീഷ് പണം നൽകി പലിശ ഈടാക്കിയതെന്ന് പോലീസ് പറഞ്ഞു. രാവിലെ 7 മണിയോടെ പ്രതീഷിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ അറസ്റ്റിലായത്. ആറ് ചെക്ക്‌ലീഫും മൂന്ന് ആർ.സി ബുക്കുകളും ഒരു സ്റ്റാമ്പ് പേപ്പറും 3,80,900 രൂപയും വീട്ടിൽനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.
പുൽപ്പള്ളി പട്ടാണിക്കൂപ്പ് സ്വദേശി എം.ജെ ജ്യോതിഷ് (35), തമിഴ്‌നാട് ഈറോഡ് ഒപ്പംപാളയം സ്വദേശിയും ഇപ്പോൾ സുൽത്താൻബത്തേരി അമ്മായിപ്പാലത്ത് വാടകയ്ക്ക് താമസിക്കുകയും ചെയ്യുന്ന സതീഷ് (39) എന്നിവരും അറസ്റ്റിലായി. പണംനൽകി കൊള്ളപ്പലിശ ഈടാക്കുന്നവർക്കായി വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് പോലീസ് പറഞ്ഞു.
ജില്ലാ പോലീസ് മേധാവി ആർ. ആനന്ദിന്റെയും മാനന്തവാടി ഡിവൈ.എസ്.പി. എ.പി ചന്ദ്രന്റെയും നിർദേശത്തെ തുടർന്ന് മാനന്തവാടി ഇൻസ്പെക്ടർ എം.എം. അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇന്നലെ ഇയാളെ അറസ്റ്റുചെയ്തത്. എസ്.ഐ. കെ.കെ. സോബിൻ, ജൂനിയർ എസ്.ഐ. സാബു ചന്ദ്രൻ, എ.എസ്.ഐ. സജി, സീനിയർ സിവിൽ പോലീസ് ഷൈല, സിവിൽ പോലീസ് ഓഫീസർമാരായ സനീഷ്, സാഗർരാജ്, രഞ്ജിത്ത്, അനീഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
ജ്യോതിഷിന്റെ വീട്ടിൽനിന്ന് 54,000 രൂപയും, 27 ആധാരങ്ങളും, സതീഷിന്റെ ക്വാർട്ടേഴ്സിൽനിന്ന് 3,39,500 രൂപയും, ഒരു ബ്ലാങ്ക് ചെക്കും അഞ്ചുഡയറികളും കണ്ടെത്തി.
ബ്ലേഡ് മാഫിയകളെ നിയന്ത്രിക്കുന്നതിനുള്ള ഓപ്പറേഷൻ കുബേരയുടെ ഭാഗമായി മേപ്പാടി, വൈത്തിരി, കമ്പളക്കാട്, മാനന്തവാടി, പനമരം, സുൽത്താൻ ബത്തേരി, അമ്പലവയൽ, മീനങ്ങാടി, പുൽപ്പള്ളി എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലാണ് റെയ്ഡ് നടത്തിയത്. 18 പേരെയാണ് പോലീസ് ഓപ്പറേഷൻ കുബേരയുടെ ഭാഗമായി നിരീക്ഷിച്ചത്. ബ്ലേഡ് മാഫിയക്കുനേരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് പറഞ്ഞു.