ദാസനക്കരയിൽ കാട്ടാന ആറേക്കറോളം നെൽക്കൃഷി നശിപ്പിച്ചു ; കർഷകർ ദുരിതത്തിൽ
പനമരം : ദാസനക്കരയിൽ കാട്ടാനയിറങ്ങി വ്യാപകമായി നെൽക്കൃഷി നശിപ്പിച്ചു. പനമരം, പുല്‍പ്പള്ളി പഞ്ചായത്തുകളുടെ അതിര്‍ത്തി ഗ്രാമമായ ദാസനക്കരയിലെ തരകമ്പം , വട്ടവയല്‍ പാടശേഖരങ്ങളിലാണ് കാട്ടാനകള്‍ വ്യാപകമായി നെല്‍കൃഷി നശിപ്പിച്ചത്. കല്ലുവയല്‍ കോളനിയിലെ ചന്തുക്കുട്ടി, കുഞ്ഞിരാമന്‍, വേലായുധന്‍, സുരേഷ്, ജാനകി , രാധ എന്നിവരുടെ കൃഷിപ്പാടങ്ങളിലാണ് കഴിഞ്ഞ ദിവസം രാത്രി കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചത്. കാട്ടാനകൾ വനാതിർത്തി ഗ്രാമങ്ങളിലെ ആറ് ഏക്കറോളം വരുന്ന നെല്പാടങ്ങൾ ചവിട്ടിമെതിച്ചു. വിളവെടുക്കാറായ പാടങ്ങളിൽ കാട്ടാന വിളയാടിയത് കർഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
രണ്ടാഴ്ചയായി വനാതിർത്തി ഗ്രാമങ്ങളായ നീർവാരം, ദാസനക്കര, അമ്മാനി, പുഞ്ചവയൽ ഭാഗങ്ങളിൽ കാട്ടാന ശല്യം രൂക്ഷമായിരിക്കുകയാണ്. നേരം ഇരുട്ടുന്നതോടെ പാതിരി സെക്ഷനിൽ നിന്നുമാണ് ഇവ കൂട്ടമായും ഒറ്റയ്ക്കും ഇവിടേക്ക് പതിവായെത്തുന്നത്. കഴിഞ്ഞ ദിവസം അമ്മാനി പാറവയലിലും കാട്ടാനയിറങ്ങിയിരുന്നു. ചായംമാക്കിൽ ബാലന്റെ അരയേക്കറോളം നെൽക്കൃഷിയാണ് നശിപ്പിച്ചത്. വായ്പയും മറ്റും എടുത്ത് പാട്ടഭൂമിയിലാണ് ഇവിടുത്തെ കർഷകരിൽ ഭൂരിഭാഗവും കൃഷിയിറക്കിരിക്കുന്നത്. തുടർച്ചയായുള്ള കൃഷിനാശം മൂലം ജീവിതം വഴിമുട്ടിയ അവസ്ഥയിലാണിവരിപ്പോൾ.
കാട്ടാനകള്‍ക്ക് പുറമേ കാട്ടുപന്നിയും, കുരങ്ങും, മയിലും ഇവിടെ പ്രശ്നക്കാരാണ്. ചുരുക്കത്തിൽ വന്യമൃഗശല്യം മൂലം കൃഷി പാടെ ഉപേക്ഷിക്കേണ്ട ഗതികേടിലാണ്. കൃഷി നാശമുണ്ടായവർ നഷ്ടപരിഹാരത്തിന് വനംവകുപ്പിൽ അപേക്ഷിച്ചാല്‍ ലഭിക്കാറുമില്ല.
പ്രതിരോധ മാർഗ്ഗങ്ങളുടെ ശോചനീയാവസ്ഥകളാണ് കാട്ടാനകൾ ഉൾപ്പെടെ കാടുവിട്ടിറങ്ങാൻ ഇടയാക്കുന്നതെന്ന് കർഷകർ പറയുന്നു. ഇവിടങ്ങളിൽ ഫെൻസിംങിന്റെ അഭാവമുണ്ട്. തകർന്നവ യഥാസമയം അറ്റകുറ്റപ്പണികൾ നടത്തി പുനസ്ഥാപിക്കാത്തതും പ്രശ്നമാണ്. കാട്ടാനകളെ പ്രതിരോധിക്കാനായി മുമ്പ് നിർമിച്ച കിടങ്ങുകളെല്ലാം മണ്ണ് അടിഞ്ഞ് തൂർന്ന അവസ്ഥയിലുമാണ്. ഉടൻ ശാശ്വത പരിഹാരങ്ങൾ ഉണ്ടാവണമെന്ന് കർഷകർ ഒന്നടങ്കം ആവശ്യപ്പെടുന്നു.