നിർധനർക്ക് വിവാഹ വസ്ത്രങ്ങൾ സൗജന്യം: ഡ്രസ്സ് ബാങ്ക് നാടിന് സമർപ്പിച്ചു
പനമരം : നിർധനരായ യുവതീ യുവാക്കളുടെ വിവാഹത്തിന്ന് തികച്ചും സൗജന്യമായി വിവാഹ വസ്ത്രങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ പനമരത്ത് ഡ്രസ്സ് ബാങ്ക് എന്ന സ്ഥാപനം തുറന്ന് പ്രവർത്തനമാരംഭിച്ചു. ഒരു കൂട്ടം സുമനസ്സുകളുടെ കൂട്ടായ്മയിൽ നിന്നാണ് ഈ സംരഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. വിവാഹ ദിനത്തിൽ ഉപയോഗിക്കാനായി ആഢംബര വസ്ത്രങ്ങൾ സൗജന്യമായി ഇവർ നൽകും. വിവാഹ ശേഷം തിരികെ ഏൽപ്പിക്കണം.
ഉദ്ഘാടനത്തോട് അനുബന്ധിച്ച് കേരളത്തിലും കർണാടകയിലും തമിഴ്നാട്ടിലുമുള്ള 426 ഭിന്നശേഷി യുവതീ യുവാക്കളുടെ ജീവിത പങ്കാളിയെ കണ്ടെത്തുന്നതിനുള്ള സംഗമവും നടന്നു. സംഗമത്തിലൂടെ 20 ഇണകളെ കണ്ടെത്തി. നിരവധി ഇണകളെ കണ്ട് ഇഷ്ടപ്പെടുകയും വീട്ടുകാർ തമ്മിൽ ചർച്ച ചെയ്യുന്നതിനായി തീരുമാനിക്കുകയും ചെയ്തു.
പനമരം – ഹൈസ്ക്കൂൾ റോഡിൽ പ്രത്യേകം തയ്യാറാക്കിയ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഒ.ആർ കേളു എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ലത്തീഫ് മേമാടൻ അധ്യക്ഷത വഹിച്ചു. ഡ്രസ്സ് ബാങ്ക് ട്രസ്റ്റി ചെയർമാൻ മഹ്മൂദ് നെല്ലിയമ്പം, കൺവീനർ മൂസ കൂളിവയൽ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി, പി.കെ അസ്മത്ത്, ടി.എം. ഉമ്മർ പനമരം, സംഘാടക സമിതി കൺവീനർ അബ്ദുൾ കലാം പാപ്ലശ്ശേരി, മനോജ് കെ. പനമരം, അസ്ലം അമാന തുടങ്ങിയവർ സംസാരിച്ചു.