March 15, 2025

കുറുക്കന്‍മൂലയിലും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു ; 266 പന്നികളെ കൊന്നൊടുക്കും

Share

 

മാനന്തവാടി : മാനന്തവാടി നഗരസഭ പരിധിയിലെ കുറുക്കന്‍മൂലയിലും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. പ്രദേശവാസിയായ ബൈജു മാത്യുവിന്റെ ഫാമിലെ പന്നികള്‍ക്കാണ് കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പന്നികള്‍ ചാകാന്‍ തുടങ്ങിയതോടെയാണ് കഴിഞ്ഞയാഴ്ച സാമ്പിളെടുത്ത് പരിശോധനക്ക്‌ അയച്ചത്. ഇതുവരെ ഈ ഫാമിലുള്ള മുപ്പതോളം പന്നികള്‍ ചത്തതായാണ് വിവരം.

 

പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഈ ഫാമിലെ അവശേഷിക്കുന്ന പത്ത് പന്നികള്‍ ഉള്‍പ്പെടെ നിശ്ചിത ദൂരപരിധിയിലെ നാല് ഫാമുകളിലെയും കൂടി ആകെ 266 പന്നികളെ ഇന്ന് (നവംബര്‍ 28) ദയാവധത്തിന് ഇരയാക്കുമെന്ന് ജില്ലാ വെറ്ററിനറി സര്‍ജന്‍ ഡോ. ജയരാജ് വ്യക്തമാക്കി. വെറ്ററിനറി സര്‍ജന്‍മാരായ ഡോ. കെ.എസ് സുനില്‍, ഡോ. ജവഹര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആര്‍ആര്‍ടി ടീമംഗങ്ങളാണ് പന്നികളെ ദയാവധത്തിനിരയാക്കുക.

 

ജൂലൈ മാസത്തില്‍ തവിഞ്ഞാല്‍ പഞ്ചായത്തിലും, മാനന്തവാടി നഗരസഭയിലുമാണ് ആദ്യം പന്നിപ്പനി സ്ഥിരീകരിച്ചത്. തുടര്‍ന്ന് നെന്മേനി പഞ്ചായത്തിലും, പൂതാടി പഞ്ചായത്തിലും പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. പിന്നീട് രണ്ടാഴ്ച മുമ്പ് എടവകയിലും പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇക്കാലയളവില്‍ 800 ഓളം പന്നികളെ മൃഗസംരക്ഷണ വകുപ്പ് കൊന്നൊടുക്കിയിരുന്നു. വൈറസ് മനുഷ്യരിലേക്ക് പകരാത്തതിനാല്‍ പന്നിയിറച്ചി ഭക്ഷിക്കുന്നതിനും മറ്റും ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.