സി.എം കോളേജിലെ സംഘർഷം ; കോളേജ് സംരക്ഷണ സമിതി രൂപീകരിച്ചു
പനമരം : നടവയൽ സി.എം കോളേജിൽ എസ്.എഫ്.ഐ, എം.എസ്.എഫ് പ്രവർത്തകർ തമ്മിലുണ്ടാവുന്ന അടിക്കടിയുള്ള സംഘർഷങ്ങൾ ഒഴിവാക്കാൻ ‘കോളേജ് സംരക്ഷണ സമിതി’ രൂപീകരിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം കോളേജിൽ ശനിയാഴ്ച ചേർന്ന സർവകക്ഷി യോഗത്തിലാണ് സമിതി രൂപീകരിച്ചത്. വിദ്യാർഥികളിൽ നിന്നും പിരിച്ച കണ്ടൊണേഷൻ ഫീസ് തിരികെ നൽകാനും വ്യവസ്ഥയായി.
കഴിഞ്ഞ ബുധനാഴ്‌ച കോളേജ് അധികൃതർ കണ്ടൊണേഷന്റെ പേരിൽ അനധികൃതമായി പണപ്പിരിവ് നടത്തിയെന്നാരോപിച്ച് എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രിൻസിപ്പലിനെ ഉപരോധിച്ചിരുന്നു. പിറ്റേന്ന് വിഷയം ചർച്ച ചെയ്യാൻ എസ്.എഫ്.ഐ നേതാക്കൾ എത്തിയതോടെ എം.എസ്.എഫ് പ്രവർത്തകരുമായി സംഘർഷമുണ്ടായി. തനിയാവർത്തനമായി നടവയൽ ടൗണിൽ സംഘടിച്ചെത്തിയ യൂത്ത് ലീഗ്, ഡി.വൈ.എഫ്.ഐ പ്രവർത്തകരും വിദ്യാർഥികളും തമ്മിൽ ഏറ്റുമുട്ടി ഏഴ് പേർക്ക് പരിക്കേറ്റിരുന്നു. പനമരം, കേണിച്ചിറ പോലീസ് എത്തി ലാത്തിവീശിയാണ് രംഗം ശാന്തമാക്കിയത്. പരിക്കേറ്റവർ മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വിഷയത്തിൽ 42 – ഓളം പേർക്കെതിരെ പോലീസ് കേസ്സെടുത്തിട്ടുണ്ട്. സംഘർഷത്തെ തുടർന്ന് വെള്ളിയാഴ്ച കോളേജിന് അവധി പ്രഖ്യാപിക്കുകയുമുണ്ടായി. ഇതോടെയാണ് പ്രശ്ന പരിഹാരത്തിനായി സർവകക്ഷി യോഗം വിളിച്ചത്.
കോളേജ് പ്രിൻസിപ്പലും വിവിധ രാഷ്ട്രീയ പ്രതിനിധികളും അടങ്ങുന്ന ആറംഗ കമ്മിറ്റിയാണ് കോളേജ് സംരക്ഷണ സമിതിയിലുള്ളത്. കോളേജിന് പുറത്ത് ഇനി മുതൽ ചേരിതിരിഞ്ഞുള്ള പ്രശ്നങ്ങൾ ഇല്ലാതെ ഇവർ നോക്കും. കോളേജിനകത്തേക്ക് അനുവാദമില്ലാതെ പുറത്തു നിന്നെത്തുന്നവർക്ക് പ്രവേശിക്കാനാവില്ല. കഴിഞ്ഞകാല വിഷയങ്ങളുടെ മേൽ ഇനി പ്രശ്നങ്ങൾ ഉണ്ടാക്കാൻ പാടില്ലെന്നും യോഗത്തിൽ തീരുമാനമായി. കോളേജിനുള്ളിലെ വിഷയങ്ങൾ മാനേജ്മെന്റ് ഇടപെട്ട് തീർപ്പാക്കണം. കണ്ടൊണേഷൻ ഫീസ് വിദ്യാർഥികൾക്ക് തിരികെ നൽകാനും തീരുമാനിച്ചു.
മാനന്തവാടി ഡി.വൈ.എസ്.പി എ.പി ചന്ദ്രൻ, പനമരം എസ്.ഐ വിമൽ ചന്ദ്രൻ, സ്‌പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ കെ.എൻ. സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ കോളേജ് പ്രിൻസിപ്പൽ, വിവിധ രാഷ്ട്രീയ പ്രതിനിധികളും പങ്കെടുത്തു.