കണ്ടൊണേഷൻ ഫീസ് സർവകലാശാലയിൽ അടച്ചില്ല : സി.എം കോളേജിൽ എസ്.എഫ്.ഐ ഉപരോധിച്ചു
പനമരം : നടവയൽ സി.എം. കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകർ പ്രിൻസിപ്പാളിനെ ഉപരോധിച്ചു. വിദ്യാർഥികളിൽ നിന്നും വാങ്ങിയ കണ്ടൊണേഷൻ ഫീസ് കോളേജ് അധികൃതർ സർവ്വകലാശാലയിൽ അടച്ചില്ലെന്ന് ആരോപിച്ചായിരുന്നു സമരം. ബുധനാഴ്ച ഉച്ചമുതൽ ഓഫീസിനുമുമ്പിൽ തുടങ്ങിയ കുത്തിയിരുപ്പ് സമരം ചർച്ചയിലും പരിഹാരമായില്ല. ഇതോടെ അനിശ്ചിതകാല ഉപരോധം എസ്.എഫ്.ഐ പ്രഖ്യാപിച്ചു.
കഴിഞ്ഞ നാലാം സെമസ്റ്ററിൽ ഹാജർ കുറവുള്ള 65 വിദ്യാർഥികളിൽ നിന്നും കോളേജ് അധികൃതർ കണ്ടൊണേഷൻ ഫീസ് വാങ്ങിയിരുന്നു. എന്നാൽ ജൂൺ മാസത്തിൽ ഓരോ വിദ്യാർഥികളിൽ നിന്നും പിരിച്ച 860 രൂപ വീതം കോളേജ് അധികൃതർ കൃത്യമായി സർവ്വകലാശാലയിൽ അടച്ചില്ലെന്നാണ് എസ്.എഫ്.ഐ യുടെ ആരോപണം. കണ്ടൊണേഷൻ വകയിൽ വാങ്ങിയ 63610 രൂപയിൽ 49850 രൂപയും കോളേജ് അനധികൃതമായി കൈവശം വച്ചിരിക്കുകയാണ്. കോളേജ് യൂണിവേഴ്സിറ്റിയിൽ അടച്ചത് 16 പേരുടെ മാത്രമാണെന്നാണ് ആരോപണം. ഇതിൽ പ്രതിഷേധിച്ചായിരുന്നു എസ്.എഫ്.ഐ പ്രവർത്തകരുടെ സമരം.
യൂണിറ്റ് സെക്രട്ടറി അഭി സിനാൻ, പ്രസിഡന്റ് നന്ദന വേണു, പി.ആർ ആദിത്യലക്ഷ്മി, നീതു കണ്ണൻ, എ. അലി ഷഹൽ, പി.വി. ശ്രീനന്ദ, എ.ജെസീൽ, ലിജാസ് ലത്തീഫ്, അൻവർ സാദിഖ്, അക്സർ യാസീൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സമരം. അനധികൃതമായി കൈവശം വച്ച തുക വിദ്യാർഥികൾക്ക് തിരിച്ചു നൽകണം. വിശദീകരണം നൽകിയശേഷം വിദ്യാർഥികളോട് മാപ്പു പറയുന്നത് വരെ സമരം തുടരുമെന്ന് നേതാക്കൾ അറിയിച്ചു.