മേപ്പാടിയിൽ അമ്മയ്ക്കും കുഞ്ഞിനും വെട്ടേറ്റു; അയൽക്കാരൻ അസ്റ്റിൽ
മേപ്പാടി : നെടുമ്പാല പള്ളിക്കവലയിൽ അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിനിടെ അമ്മയ്ക്കും കുഞ്ഞിനും വെട്ടേറ്റു. പള്ളിക്കവല കുഴിമുക്ക് പാറയ്ക്കൽ ജയപ്രകാശിന്റെ ഭാര്യ അനില (28), മകൻ ആദിദേവ് (നാല്) എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ ഇവരുടെ അയൽവാസിയും സുഹൃത്തും ബിസിനസ് പങ്കാളിയുമായ പള്ളിക്കവല കിഴക്കേപറമ്പിൽ ജിതേഷിനെ (45) മേപ്പാടി പോലീസ് അറസ്റ്റുചെയ്തു.
ഇന്നലെ രാവിലെ 9 മണിയോടെയായിരുന്നു ആക്രമണമുണ്ടായത്. അനില മകനെ അങ്കണവാടിയിലേക്ക് കൊണ്ടുപോകുന്നതിനിടെ റോഡിൽവെച്ചാണ് ജിതേഷ് ആക്രമിച്ചത്. അനിലയ്ക്ക് തോളിനും പുറത്തുമാണ് വെട്ടേറ്റത്. ആദിദേവിന് ഇടതുചെവിയുടെ ഭാഗത്താണ് വെട്ടേറ്റത്. ഇരുവരും മേപ്പാടി ഡി.എം. വിംസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മേപ്പാടി എസ്.ഐ. വി.പി. സിറാജിന്റെ നേതൃത്വത്തിലാണ് ജിതേഷിനെ അറസ്റ്റുചെയ്തത്. ജയപ്രകാശും ജിതേഷും ബിസിനസ് പങ്കാളികളായിരുന്നു. ബിസിനസിലെ തർക്കമാണ് ആക്രമണത്തിനു പിന്നിലെന്നാണ് സംശയമെന്ന് പോലീസ് പറഞ്ഞു. ജിതേഷിനെ സംഭവസ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുത്തു.
അനിലയെയും ആദിദേവിനെയും വെട്ടിപ്പരിക്കേൽപ്പിച്ചശേഷം ജിതേഷ് ഉപേക്ഷിച്ച വാക്കത്തിയും പോലീസ് കണ്ടെടുത്തു.