രാജ്യത്ത് 474 പേർക്ക് കൂടി കൊവിഡ് ; രണ്ടര വർഷത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്ക്
ചൊവ്വാഴ്ച അപ്‌ഡേറ്റ് ചെയ്ത കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 474 പുതിയ കൊവിഡ് കേസുകൾ കൂടി രേഖപ്പെടുത്തി. 2020 ഏപ്രിൽ 6 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. ഇതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 4,46,67,398 ആയി.
സജീവ കേസുകൾ 7,918 ആയി കുറഞ്ഞു. അതേസമയം മരണസംഖ്യ 5,30,533 ആയി ഉയർന്നു. ഗുജറാത്തിൽ നിന്ന് ഒരു മരണം റിപ്പോർട്ട് ചെയ്തു. 2020 ഏപ്രിൽ 6 ന് രാജ്യത്ത് 354 കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തത്.
മൊത്തം അണുബാധകളുടെ 0.02 ശതമാനം സജീവമായ കേസുകളാണ്. അതേസമയം ദേശീയ COVID-19 വീണ്ടെടുക്കൽ നിരക്ക് 98.79 ശതമാനമായി ഉയർന്നതായി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് പറയുന്നു.
രോഗം ഭേദമായവരുടെ എണ്ണം 4,41,27,724 ആയി ഉയർന്നപ്പോൾ കേസിലെ മരണനിരക്ക് 1.19 ശതമാനമാണ്.