പനമരത്ത് കാർ നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു
പനമരം : പനമരം – നീരട്ടാടി റോഡിൽ വിദേശ മദ്യശാലയ്ക്ക് മുമ്പിലെ കൊടുംവളവിൽ കാർ നിയന്ത്രണം തെറ്റി സമീപത്തെ വയലിലേക്ക് തലകീഴായി മറിഞ്ഞു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് അപകടം. വിളമ്പുകണ്ടം സ്വദേശി പുതുശ്ശേരിയിൽ ഷിബുവും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
പനമരത്ത് നിന്നും വിളമ്പുകണ്ടത്തേക്ക് പോവുന്നതിനിടെ മദ്യശാലയ്ക്ക് സമീപത്തെ കൊടും വളവും കഴിഞ്ഞ് 10 മീറ്ററോളം നിയന്ത്രണം തെറ്റി നീങ്ങിയ കാർ റോഡരികിലെ സംരക്ഷണ ഭിത്തിയും കടന്ന് സമീപത്തെ വാഴക്കൃഷിയിടത്തിലേക്ക് മറിയുകയായിരുന്നു. അഞ്ചടിയോളം താഴ്ചയിൽ തലകീഴായാണ് മറിഞ്ഞത്. അപകടത്തിൽ ഷിബുവും ഭാര്യയും സഹയാത്രികയും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവർ പനമരം സി.എച്ച്.സി.യിൽ ചികിത്സ തേടി.