കായക്കുന്നിൽ കുരങ്ങുകളുടെ വിളയാട്ടം; വീടിനകത്തെ സാധനങ്ങൾ വ്യാപകമായി നശിപ്പിച്ചു
നടവയൽ : കായക്കുന്നിൽ കുരങ്ങിൻ കൂട്ടം വീട്ടുപകരങ്ങൾ വ്യാപകമായി നശിപ്പിച്ചു. കായക്കുന്ന് തൊണ്ടിപ്പറമ്പിൽ സിബിയുടെ വീട്ടിലാണ് ആക്രമണം ഉണ്ടായത്. വീടിന്റെ ജനല്‍ ചില്ലുകളും, ഓടുകളും തകർത്തു. വീടിനകത്ത് കയറി ടി.വി തള്ളി താഴെ ഇട്ടു. വസ്ത്രങ്ങളും വീട്ടുസാധനങ്ങളും വലിച്ചു വാരിയിടുകയും ചെയ്തു. 15 കിലോയോളം അരിയും മറ്റ് ഭക്ഷ്യ വസ്തുക്കളും നശിപ്പിച്ചു.
കഴിഞ്ഞ ദിവസമാണ് വാനര കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്. പെയിന്റിംങ്ങ് ജോലിക്കാരനായ സിബി ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് വീടാകെ അലങ്കോലമാക്കിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഏതാനും മാസങ്ങളായി പകല്‍ സമയത്ത് കായക്കുന്നിലും പരിസര പ്രദേശങ്ങളിലും കുരങ്ങുകളുടെ ശല്യം രൂക്ഷമാണ്. കാർഷിക വിളകളും മറ്റും അപ്പാടെ നശിപ്പിക്കപ്പെടുകയാണ്. വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നുമുണ്ട്. ഇതോടെ നാട്ടുകാര്‍ ഏറെ ദുരിതത്തിലായിരിക്കുകയാണ്. ശല്യക്കാരായ കുരങ്ങുകളെ കൂട് വെച്ച് പിടികൂടി വനത്തിൽ കൊണ്ടു വിട്ട് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.