രണ്ടര മാസത്തിലേറെയായി പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു ; അധികൃതർക്ക് മൗനം
പനമരം : ചുണ്ടക്കുന്ന് – കൈപ്പാട്ടുകുന്ന് റോഡരികിലെ ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം രണ്ടര മാസത്തിലേറെയായി റോഡിലൂടെ ഒഴുകുമ്പോഴും അധികൃതർക്ക് അനങ്ങാപ്പാറ നയമെന്ന് ആക്ഷേപം. നൂറുകണക്കിന് കുടുംബങ്ങൾക്ക് ആശ്രയമായ പദ്ധതിയിലെ കുടിവെള്ളം പാഴായിട്ടും നന്നാക്കാത്തത് പ്രതിഷേധങ്ങൾക്കിടയാക്കുകയാണ്.
പനമരം ഗ്രാമപ്പഞ്ചായത്ത് 14-ാം വാർഡ് പരിധിയിലെ ചുണ്ടക്കുന്ന് റോഡിലാണ് കുടിവെള്ളം വെറുതെ പാഴാവുന്നത്. വെള്ളം മീറ്ററുകളോളം ഒഴുകി റോഡാകെ തകർന്ന അവസ്ഥയിലായിരിക്കുകയാണ്. റോഡിലെ ചെറിയ കുഴികൾ പതിവായി വെള്ളമെത്തിയതോടെ വൻ ഗർത്തങ്ങളായി മാറി. റോഡിൽ ഡ്രെയ്‌നേജില്ലാത്തതും റോഡ് തകരാൻ ആക്കം കൂട്ടുകയാണ്. ഇതോടെ കാൽനടയാത്രികരും സമീപത്തെ ആലിഞ്ചോട്ടിൽ ആദിവാസി കോളനിക്കാർ ഉൾപ്പെടെ ദുരിതത്തിലാണ്. പൊതുവെ കുടിവെള്ള പ്രശ്നം രൂക്ഷമായി അനുഭവപ്പെടുന്ന പനമരം മേഖലയിലെ ഈ ദുരവസ്ഥയ്ക്ക് ഉടൻ പരിഹാരം കാണണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.
കൈപ്പാട്ടുകുന്ന് മുതൽ മേലെ പച്ചിലക്കാട് ചുണ്ടക്കുന്ന് ജംങ്ഷൻ വരെയുള്ള മൂന്നര കിലോമീറ്ററോളം വരുന്ന റോഡിന്റെ അവസ്ഥയും പരിതാപകരമാണ്. നൂറിലേറെ കുടുംബങ്ങൾ ഉപയോഗിക്കുന്ന റോഡാകെ പൊട്ടിപ്പൊളിഞ്ഞും കുഴികൾ രൂപപ്പെട്ടും കിടക്കുകയാണ്. കഴിഞ്ഞ വർഷം ചിലയിടങ്ങളിൽ താല്കാലികമായി കുഴികളടച്ചെങ്കിലും വീണ്ടും പഴയ അവസ്ഥയിലാണ്.