തിരുനെല്ലിയിൽ ബസ് തടഞ്ഞുനിർത്തി കവർച്ച നടത്തിയ രണ്ടുപേർ കൂടി അറസ്റ്റിൽ ; കടലിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടിയത് സാഹസികമായി
മാനന്തവാടി : തിരുനെല്ലി തെറ്റ്‌റോഡിൽ സ്വകാര്യബസ് തടഞ്ഞുനിർത്തി പണം കവർന്ന കേസിൽ രണ്ടു പേർകൂടി അറസ്റ്റിലായി. ബെംഗളൂരുവിൽ ജോലിചെയ്യുന്ന പാലക്കാട് മാങ്കാവ് എടയാർ സ്ട്രീറ്റ് രാമൻകുമരത്ത് വീട്ടിൽ പ്രശാന്ത് (35), കൊണ്ടോട്ടി പള്ളിപ്പടി അരൂർ കെട്ടൊന്നിൽ ഹൗസിൽ ഷഫീഖ് (31) എന്നിവരാണ് പിടിയിലായത്.
പ്രശാന്തിനെ മാനന്തവാടി ഡിവൈ.എസ്.പി. എ.പി. ചന്ദ്രനും സംഘവുമാണ് അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി. ആദ്യ നാലുപ്രതികളെ കർണാടക മാണ്ഡ്യയിൽനിന്നും മറ്റു നാലുപേരെ കേരളത്തിലെ വിവിധയിടങ്ങളിൽ നിന്നുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
കേസിലകപ്പെട്ട ഷഫീക്കിനെ ഇന്നലെ വൈകീട്ടാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് ബംഗ്ലാദേശ് കോളനിയിൽ ഒളിച്ചുതാമസിക്കുകയായിരുന്ന ഷഫീഖിനെ കമ്പളക്കാട് ഇൻസ്പെക്ടർ എം.എ. സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കസ്റ്റഡിയിലെടുത്തത്.
വ്യാഴാഴ്ച വൈകീട്ട് ഏഴുമണിയോടെ നാട്ടുകാരുടെയും അഗ്നിരക്ഷാസേനയുടെയും സഹായത്തോടെ സാഹസികമായാണ് പോലീസ് ഇയാളെ കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുത്തത്. പോലീസിനെ കണ്ട ഉടനെ കടലിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച ഷഫീഖിനെ എല്ലാവരും ചേർന്ന് പിടികൂടുകയായിരുന്നു. മാനന്തവാടി സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തശേഷം പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
കഴിഞ്ഞ അഞ്ചിന് പുലർച്ചെ 3.45 നാണ് കേസിനാസ്പദമായ സംഭവം. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരനായ മലപ്പുറം സ്വദേശിയാണ് കവർച്ചയ്ക്കിരയായത്. 1.40 കോടിരൂപ കവർന്നതായാണ് ഇദ്ദേഹം തിരുനെല്ലി പോലീസിൽ നൽകിയ പരാതി. തോൽപ്പെട്ടി ചെക്പോസ്റ്റ് വഴി വന്ന ബസ് തിരുനെല്ലി – തെറ്റ്‌റോഡ് കവലയിലെത്തിയപ്പോൾ തടഞ്ഞുനിർത്തി കവർച്ച ചെയ്ത് സംഘം മടങ്ങുകയായിരുന്നു. അഞ്ചിന് നടന്ന സംഭവത്തിൽ കഴിഞ്ഞ 12 നാണ് തിരുനെല്ലി പോലീസിൽ പരാതി ലഭിച്ചത്. മാനന്തവാടി ഡിവൈ.എസ്.പി. എ.പി. ചന്ദ്രന്റെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപവത്കരിച്ചാണ് കേസ് അന്വേഷിക്കുന്നത്.