പരാതി പരിഹാര അദാലത്ത് : 32 പരാതികള്‍ പരിഹരിച്ചു ; എരനെല്ലൂര്‍, പുളിമൂല കോളനിവാസികളെ പുനരധിവസിപ്പിക്കും
മാനന്തവാടി താലൂക്കിലെ പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി ജില്ലാ കളക്ടര്‍ എ. ഗീതയുടെ നേതൃത്വത്തില്‍ പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു. മാനന്തവാടി താലൂക്ക് ഓഫീസില്‍ നടത്തിയ അദാലത്തില്‍ 59 പരാതികള്‍ പരിഗണിച്ചതില്‍ 32 പരാതികള്‍ തീര്‍പ്പാക്കി. പഞ്ചായത്ത് വിഭാഗത്തിലെ 18, റവന്യു വിഭാഗത്തിലെ 9, ആര്‍.ടി.ഒ വിഭാഗത്തിലെ 2, ബാങ്ക് സംബന്ധമായ 2, എസ്.സി, എസ്.ടി വിഭാഗത്തിലെ ഒരു പരാതിയുമാണ് തീര്‍പ്പാക്കിയത്.
ബാക്കിയുള്ള അപേക്ഷകള്‍ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട ഓഫീസുകളിലേക്ക് കൈമാറി. പുതുതായി ലഭിച്ച 6 അപേക്ഷകളും തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട ഓഫീസുകളിലേക്ക് അയച്ചു. മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായം, സര്‍വ്വെ സംബന്ധമായ വിഷയങ്ങള്‍, റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതി എന്നിവ ഒഴിച്ചുള്ള അപേക്ഷകളാണ് പരിഗണിച്ചത്. അദാലത്തില്‍ ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിലും മാനന്തവാടി താലൂക്ക് ഓഫീസിലും ലഭിച്ച അപേക്ഷകളാണ് പരിഗണിച്ചത്. എ.ഡി.എം എന്‍.ഐ ഷാജു, ഡെപ്യൂട്ടി കളക്ടര്‍മാരായ കെ. അജീഷ്, കെ.കെ. ഗോപിനാഥ്, മാനന്തവാടി തഹസില്‍ദാര്‍ എം.ജെ. അഗസ്റ്റിന്‍, ഭൂരേഖാ തഹസില്‍ദാര്‍ പി.യു. സിത്താര, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
എരനെല്ലൂര്‍, പുളിമൂല കോളനിവാസികളെ പുനരധിവസിപ്പിക്കും
സ്വന്തമായി ഭൂമി എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ മാനന്തവാടി പരാതി പരിഹാര അദാലത്തില്‍ എത്തിയതാണ് പനമരം എരനെല്ലൂര്‍, പുളിമരം കോളനിവാസികള്‍. പരാതി കേട്ട കളക്ടര്‍ താമസിക്കാന്‍ യോഗ്യമായ ഭൂമി ട്രൈബല്‍ വകുപ്പ് അധികൃതരുടെ സഹായത്തോടെ കണ്ടെത്താനും ഭൂമി കണ്ടെത്തിയാല്‍ സ്ഥലം വാങ്ങി നല്‍കാമെന്ന ഉറപ്പും നല്‍കി. സ്ഥലം കണ്ടെത്തിയാല്‍ ആദിവാസികള്‍ക്കുള്ള വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയായിരിക്കും ഇവര്‍ക്ക് സ്ഥലം അനുവദിക്കുക. പനമരം എരനെല്ലൂര്‍, പുളിമരം കോളനിവാസികളായ രശ്മി, ശാന്ത, ലീല, ശാന്ത, മിനി എന്നിവരുടെ കുടുംബങ്ങള്‍ നിലവില്‍ മാതാപിതാക്കളുടെ കൂടെയാണ് താമസിക്കുന്നത്. ഭര്‍ത്താവ് അസുഖ ബാധിതനായതിനാല്‍ സ്വന്തമായി വീടും ഭൂമിയുമില്ലാതെ കഴിയുന്ന ലീലയുടെ കുടുംബത്തിന് ആശ്വാസമായിരിക്കുകയാണ് പരാതി പരിഹാര അദാലത്ത്.