തോൽപ്പെട്ടിയിൽ 50 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടിയ സംഭവത്തിൽ സംശയത്തിന്റെ നിഴലിലായി എക്സൈസ് ; കോടതിയിലെത്തിയത് നാൽപ്പതുലക്ഷം
മാനന്തവാടി : രേഖകളില്ലാതെ കടത്തിയ പണം പിടികൂടിയ സംഭവത്തിൽ സംശയത്തിന്റെ നിഴലിലായി എക്സൈസ് വകുപ്പ്. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ തോൽപ്പെട്ടി എക്സൈസ് ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ അമ്പതുലക്ഷം രൂപ പിടികൂടിയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.
മാനന്തവാടി എക്സൈസ് സർക്കിൾ ടീമും തോൽപ്പെട്ടി എക്സൈസ് ചെക്പോസ്റ്റ് ടീമും നടത്തിയ പരിശോധനയിലാണ് പണം പിടിച്ചത്. ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മധുര സൗത്ത് മാസി സ്ട്രീറ്റ് പൂക്കാറ ലൈനിലെ വിജയ്ഭാരതി (42) യെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
പിടികൂടിയ പണം അരക്കോടിയെന്നാണ് എക്സൈസ് കോടതിയെ അറിയിച്ചത്. ഇതുതന്നെയാണ് മാധ്യമങ്ങൾക്കും നൽകിയ കണക്ക്. എന്നാൽ, കോടതിയിലെത്തിയ പണം എണ്ണിയപ്പോൾ പത്തുലക്ഷം രൂപ കുറഞ്ഞ് 40 ലക്ഷമായി. ഇതുമായി ബന്ധപ്പെട്ട് കോടതി എക്സൈസ് വകുപ്പിനോട് വിശദീകരണം ആവശ്യപ്പെട്ടതായി അറിയുന്നു.
കസ്റ്റഡിയിലെടുത്തത് 40 ലക്ഷം രൂപതന്നെയാണെന്നും കണക്ക് കൊടുക്കുമ്പോൾ മാറിപ്പോയതാണെന്നുമാണ് എക്സൈസ് നൽകിയ വിശദീകരണം.
എന്നാൽ, പണം എണ്ണുമ്പോഴും ഉത്തരവാദിത്വത്തോടെ മഹസർ തയ്യാറാക്കുമ്പോഴും ഇത്രയും വലിയ തുക കുറവുവരുമോ എന്ന സംശയമാണുയരുന്നത്. സംഭവത്തെപ്പറ്റി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ എക്സൈസ് അസി. കമ്മിഷണറെ വകുപ്പ് ചുമതലപ്പെടുത്തിയിട്ടുണ്ട്.
രേഖകളില്ലാതെ എക്സൈസ് വകുപ്പ് പിടികൂടുന്ന പണം പോലീസിനെ ഏൽപ്പിക്കുന്നതായിരുന്നു മുമ്പൊക്കെയുള്ള രീതി. ഇത്തരം സംഭവത്തിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് കോടതിക്ക് റിപ്പോർട്ട് നൽകാൻ പോലീസിന് പ്രത്യേക അധികാരവുമുണ്ടായിരുന്നു.
എന്നാൽ, പോലീസിന്റെ അധികാരം കോടതി എടുത്തുകളഞ്ഞതോടെ ഇങ്ങനെയുള്ള പണം സ്വീകരിക്കാൻ പോലീസ് മടികാട്ടുന്നുണ്ട്.
എന്നിരുന്നാലും ചില കേസുകളിൽ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ പോലീസ് പണം കസ്റ്റഡിയിലെടുത്ത് റിപ്പോർട്ട് തയ്യാറാക്കി കോടതിയെ ഏൽപ്പിക്കാറുണ്ട്.
എന്നാൽ, കഴിഞ്ഞദിവസം തോൽപ്പെട്ടി എക്സൈസ് ചെക്പോസ്റ്റിൽനിന്ന് പിടികൂടിയ പണം തിരുനെല്ലി പോലീസ് വഴിയല്ല കോടതിയിലെത്തിയത്.