പനമരത്തെ അമ്മമ്മാരെ കാണാൻ ഇക്കുറിയും കുട്ടി പോലീസെത്തി
പനമരം : അന്താരാഷ്ട്ര വയോജന ദിനത്തിൽ പനമരത്തെ അമ്മമ്മാരെ കാണാൻ ഇക്കുറിയും കുട്ടി പോലീസെത്തി. പനമരത്തെ നവജ്യോതി വൃദ്ധമന്ദിരത്തിലാണ് ഇക്കുറിയും രണ്ടര മാസത്തേക്കുള്ള ഭക്ഷ്യകിറ്റുകളുമായി പനമരം ഗവ.ഹൈസ്കൂളിലെ എസ്.പി.സി കേഡറ്റുകളെത്തിയത്.
പനമരം എസ്.പി.സി യൂണിറ്റ് സാമൂഹ്യ സേവനത്തിന്റെ ഭാഗമായാണ് അഞ്ചാംമൈൽ കെല്ലൂർ നഹ്ദ ഹൈപ്പർ മാർക്കറ്റുമായി കൈകോർത്ത് വൃദ്ധസദനത്തിലെത്തി ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും വിതരണം ചെയ്തത്. അരിയും പച്ചക്കറികളും ഹൈപ്പർ മാർക്കറ്റ് നൽകിയപ്പോൾ മസാല പൊടികളും പഞ്ചസാരയും മറ്റ് നിത്യാപയോഗ സാധനങ്ങളും എസ്.പി.സി കേഡറ്റുകൾ ശേഖരിച്ച് എത്തിക്കുകയായിരുന്നു.
കഴിഞ്ഞ വർഷവും ഇവർ ഇവിടെയെത്തിയിരുന്നു. അന്ന് ഒരു മാസത്തേക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം നടത്തിയാണ് കുട്ടികൾ പിരിഞ്ഞു പോയത്. ഒട്ടേറെ സാമൂഹ്യ പ്രവർത്തനത്തിൽ പങ്കാളികളായ പനമരത്തെ കുട്ടി പോലീസ് ഈ വർഷം കർഷക ദിനത്തിൽ കുട്ടികർഷകയെ ആദരിച്ച് കുട്ടികളിൽ കൃഷിയോടുള്ള താൽപര്യം വർധിപ്പിക്കാൻ ശ്രമിച്ചു. വ്യാപാരി വ്യവസായി യൂണിറ്റിന്റെ കൂടെ പനമരം ടൗൺ ശുചീകരിച്ച കുട്ടി പോലീസ് സമൂഹത്തിൽ തങ്ങൾക്കിടപെടാൻ കഴിയുന്ന എല്ലാ സേവനങ്ങളിലും മുൻപന്തിയിലുണ്ടാവുമെന്ന് ഉറക്കെ പ്രഖ്യാപിച്ച് വയോജന ദിനത്തിലും സമൂഹത്തോടുള്ള കടമ നിറവേറ്റി.
പതിനൊന്ന് വർഷത്തിന് മുകളിലായി സി.എം.സി മാനന്തവാടിയുടെ കീഴിൽ പ്രവർത്തിക്കുന്ന പനമരം – മേച്ചേരി റോഡിലെ നവജ്യോതി വൃന്ദമന്ദിരത്തിൽ കോഴിക്കോട്, തൃശൂർ, കണ്ണൂർ, വയനാട് തുടങ്ങി ജില്ലകളിൽ നിന്നുള്ള 28 അന്തേവാസികളാണുള്ളത്. ഇവരെ പരിചരിക്കുന്നതിനായി മൂന്ന് ജീവനക്കാരുമുണ്ട്. ഇവർക്കാവശ്യമായ ഭക്ഷ്യവിഭവങ്ങളായിരുന്നു ഒരുക്കിയത്.
ചടങ്ങിൽ പനമരം എസ്.ഐ വിമൽ ചന്ദ്രൻ, നഹ്ദ ഹൈപ്പർ മാർക്കറ്റ് മാനേജർ എം. ഷാനവാസ്, അധ്യാപകരായ പി.രുഗ്മിണി, കെ.രേഖ, ടി.നവാസ്, പോലീസ് ജീവനക്കാരി എം.എസ് പ്രസീത എന്നിവർ പങ്കെടുത്തു.