കോവളം ലൈറ്റ് ഹൗസ് ബീച്ചില്‍ കൈവരി തകര്‍ന്നുവീണ് പനമരം ഗ്രാമപ്പഞ്ചായത്തംഗങ്ങളായ അഞ്ച് പേർക്ക് പരിക്ക്
പനമരം : കോവളം ലൈറ്റ് ഹൗസ് ബീച്ചില്‍ കൈവരി തകര്‍ന്നുവീണ് സഞ്ചാരികള്‍ക്ക് പരിക്ക്. പനമരം ഗ്രാമപ്പഞ്ചായത്തംഗങ്ങളായ അഞ്ച് പേർക്കാണ് പരിക്കേറ്റത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ, വാർഡംഗങ്ങളായ ഹസീന ഷിഹാബുദ്ധീൻ, ആയിഷ ഉമ്മർ, വി.സി അജിത്ത്, എം.കെ ആഷിഖ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവർ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം. വയനാട് നിന്ന് തിരുവനന്തപുരത്തെത്തിയ ഇവര്‍ രാവിലെയാണ് കോവളത്തെത്തിയത്. കടല്‍ കാണാനായി കെട്ടിയുണ്ടാക്കിയ ഭാഗത്ത് കൈവരിയില്‍ ഇരിക്കുകയായിരുന്ന ഇവർ കൈവരി തകര്‍ന്ന് ആറടിയോളം താഴെ കരിങ്കല്ല് വിരിച്ച ഭാഗത്തേക്ക് വീഴുകയായിരുന്നു.