സപ്ലൈകോ നെല്ലുസംഭരണം ; വയനാട്ടിൽ ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങി
കൽപ്പറ്റ: സപ്ലൈകോ 2022-23 വർഷത്തെ ഒന്നാംവിള നെല്ലു സംഭരണത്തിന്റെ ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങി. കർഷകർക്ക് നേരിട്ടും അക്ഷയകേന്ദ്രങ്ങൾ വഴിയും http;//supplycopaddy.in എന്ന വെബ്‌സൈറ്റിലൂടെ രജിസ്റ്റർചെയ്യാം.
രജിസ്‌ട്രേഷൻ നടത്തുന്ന സമയത്ത് കർഷകർ പേര്, മേൽവിലാസം, കൃഷിസ്ഥലത്തിന്റെ വിസ്തീർണം, സർവേനമ്പർ, ആധാർനമ്പർ, പിൻകോഡ്, ഫോൺ നമ്പർ, ബാങ്ക് അകൗണ്ട് നമ്പർ എന്നിവ കൃത്യമാണോ എന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ പ്രിെന്റടുക്കാൻ പാടുള്ളു.
അപൂർണമായതും തെറ്റായവിവരങ്ങൾ രേഖപ്പെടുത്തിയതുമായ അപേക്ഷകർക്ക് പോർട്ടലിൽ സർക്കാരിന്റെ അംഗീകാരം ലഭിക്കാതെ വരുന്നുണ്ട്. സംഭരണവില ലഭിക്കാതിരിക്കാൻ ഇത് കാരണമാവും. കർഷകർ സംഭരണത്തിനായി നൽകുന്ന നെല്ല് കേന്ദ്രസർക്കാർ നിശ്ചയിച്ച ഗുണനിലവാരം ഉണ്ടെങ്കിൽ മാത്രമേ സപ്ലൈക്കോ സംഭരിക്കുകയുള്ളു.
ഈർപ്പം 17 ശതമാനത്തിനു മുകളിൽ മറ്റിനങ്ങളുമായിട്ടുള്ള കലർപ്പ് (ആറുശതമാനത്തിന് മുകളിൽ), കേടായത്, മുളച്ചത്, കീടബാധയേറ്റത്, നിറംമങ്ങിയത്, ചുരുങ്ങിയത് തുടങ്ങിയവയുള്ള നെല്ല് വ്യക്തമായ ഗുണനിലവാര പരിശോധനയ്ക്കുശേഷം അനുവദനീയമാണെങ്കിൽ മാത്രം സംഭരിക്കും.
പരാതികൾ ഉണ്ടെങ്കിൽ സംഭരണത്തിന് മുന്നേ ബോധിപ്പിക്കണം. പദ്ധതിയുടെ നിലവിലുള്ള ഭൂപരിധി ഈ സീസണിൽ ഒഴിവാക്കിയിട്ടുണ്ട്. സ്വന്തമായി ഭൂമിയുള്ള കർഷകർക്ക് ഭൂപരിധി നിയമപ്രകാരം ഉടമസ്ഥാവകാശമുള്ള മുഴുവൻ കൃഷിസ്ഥലവും പാട്ടകർഷകർക്കും സംഘങ്ങൾക്കും കൃഷിയിറക്കിയ മുഴുവൻസ്ഥലവും രജിസ്റ്റർചെയ്യാം.
ആനുപാതികമായ നെല്ല് സംഭരണത്തിന് നൽകാം. നെല്ല് സംഭരണത്തിനുള്ള അപേക്ഷകൾ കൃഷി ഓഫീസർ ഓൺലൈനായി അംഗീകരിക്കാൻ ഈ സീസൺമുതൽ പാട്ടകർഷകർ 200 രൂപയുടെ മുദ്രപത്രത്തിൽ സത്യവാങ്മൂലം നൽകേണ്ടതില്ല.
രജിസ്റ്റർചെയ്ത കർഷകർ സ്വന്തമായി കൃഷിചെയ്ത നെല്ലുമാത്രമേ സംഭരണത്തിനായി നൽകാൻ പാടുള്ളു. സമിതിയിൽപ്പെട്ട മറ്റു കർഷകരുടെയും സുഹൃത്തുക്കളുടെയും നെല്ല് സംഭരണത്തിനായി നൽകിയാൽ അനധികൃതമായി കണക്കാക്കി നടപടി സ്വീകരിക്കും. ഫോൺ: 9446089784.