പുൽപ്പള്ളിയിലെ സ്വകാര്യബസ് സമരം ഒത്തുതീർന്നു
പുൽപ്പള്ളി : സേവന വേതന വ്യവസ്ഥകൾ പാലിക്കാൻ തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് സ്വകാര്യബസ് തൊഴിലാളികൾ പുല്പള്ളി മേഖലയിൽ നടത്തിവന്ന പണിമുടക്ക് പിൻവലിച്ചു.
ശനിയാഴ്ച കല്പറ്റയിൽ എ.ഡി.എം. എൻ.ഐ. ഷാജുവിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് സമരം ഒത്തുതീർപ്പായത്. പുല്പള്ളി മേഖലയിലെ തൊഴിലാളികൾക്ക് അടിസ്ഥാനവേതനം 390-ഉം ബത്ത എട്ടുരൂപയുമാക്കാൻ യോഗത്തിൽ തീരുമാനമായി. വെള്ളിയാഴ്ച ജില്ലാ ലേബർ ഓഫീസിൽ ഒത്തുതീർപ്പിനായി യോഗം നടത്തിയെങ്കിലും ബസ് ഉടമകൾ പങ്കെടുക്കാതിരുന്നതിനെത്തുടർന്ന് സമരം ശനിയാഴ്ചയും തുടരുകയായിരുന്നു.
ജില്ലയിൽ പുല്പള്ളിയിൽ മാത്രം ബസ് തൊഴിലാളികൾ സമരം നടത്തുന്നതിനെതിരേ പ്രതിഷേധവുമായി ശനിയാഴ്ച നാട്ടുകാർ രംഗത്തെത്തിയിരുന്നു. സമരം ഉടനെ പിൻവലിച്ചില്ലെങ്കിൽ സർവീസ് തുടങ്ങുമ്പോൾ ബസ്സുകൾ തടയുമെന്നറിയിച്ച് ചീയമ്പം പൗരസമിതിയും രംഗത്തുണ്ടായിരുന്നു.
പി.കെ. അച്യുതൻ, എം.എസ്. സുരേഷ്ബാബു, കെ.എം. വർഗീസ്, രാജു കൃഷ്ണൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.