March 15, 2025

ഇന്ന് ഗാന്ധി ജയന്തി ; രാഷ്ട്ര പിതാവിന്റെ 153-ാം ജന്മദിനം

Share

 

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 153-ാം ജന്മദിനമാണ് ഇന്ന്. സഹിഷ്ണുതയുടെയും സ്വാതന്ത്ര്യത്തിന്റെയും എക്കാലത്തെയും വലിയ പ്രതീകമാണ് ഗാന്ധിജി. പ്രതിസന്ധി ഘട്ടങ്ങളില്‍ പോലും സത്യം, അഹിംസ എന്നീ മൂല്യങ്ങളില്‍ അടിയുറച്ച്‌ പ്രവര്‍ത്തിക്കാനും ജീവിതചര്യയാക്കി മാറ്റുവാനും ഗാന്ധി ശ്രദ്ധിച്ചിരുന്നു.

ബ്രിട്ടീഷുകാരുടെ കിരാതഭരണത്തില്‍ നിന്ന് അഹിംസയുടെ പാതയിലൂടെ രാജ്യത്തെ മോചിപ്പിക്കാന്‍ അദ്ദേഹം സഹിച്ച ത്യാഗത്തെ ഓര്‍ത്തെടുക്കുന്ന ദിനമാണ് ഇന്ന്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ദശലക്ഷക്കണക്കിന് ആളുകളെ അംഹിസയുടെ പാതയിലൂടെ പേരാടാന്‍ അദ്ദേഹം പ്രേരിപ്പിക്കുകയും നയിക്കുകയും ചെയ്തു. ഗാന്ധിജിയോടുള്ള ആദരസൂചകമായി 2007 മുതല്‍ ഐക്യരാഷ്ട്രസഭ ഒക്ടോബര്‍ 2 അഹിംസാ ദിനമായി ആചരിക്കുന്നു.

അഹിംസയില്‍ ഊന്നിക്കൊണ്ടുള്ള സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ഗാന്ധി ലോകമെമ്പാടും ശ്രദ്ധേയനായി. വൈരുദ്ധ്യങ്ങളോട് നിരന്തരം സംവദിച്ച ഗാന്ധിജിക്ക് ഒരേസമയം വിശ്വാസത്തെയും യുക്തിചിന്തയേയും ഉള്‍ക്കൊള്ളാന്‍ ഒരു പ്രയാസവുമുണ്ടായിരുന്നില്ല. സഹിഷ്ണുതയായിരുന്നു ഗാന്ധിജി. പട്ടിണിപ്പാവങ്ങള്‍ക്ക് പോലും ഇത് തന്റെ നാടാണ് എന്ന ബോധം ജനിപ്പിച്ചയാളാണ് അദ്ദേഹം. ജീവിതകാലം മുഴുവന്‍ അദ്ദേഹം ഹൈന്ദവ തത്വശാസ്ത്രങ്ങളില്‍ വിശ്വസിച്ചു.

ലളിത ജീവിതം നയിച്ചുകൊണ്ട് അദ്ദേഹം പൊതുപ്രവര്‍ത്തകര്‍ക്കു മാതൃകയായി. സ്വയം നൂല്‍നൂറ്റുണ്ടാക്കിയ വസ്ത്രമാണ് അദ്ദേഹം ധരിച്ചിരുന്നത്. സസ്യാഹാരം മാത്രം ഭക്ഷിച്ചു. ഉപവാസം അഥവാ നിരാഹാരം ആത്മശുദ്ധീകരണത്തിനും പ്രതിഷേധത്തിനുമുള്ള ഉപാധിയാക്കി. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന അദ്ദേഹത്തിന്റെ സന്ദേശം ഇന്നും ലോകത്തിന്റെ നാനാതുറകളില്‍ അലയടിക്കുകയാണ്.

ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് കുടിയിരിക്കുന്നതെന്ന് ഗാന്ധിജി ലോകത്തോട് വിളിച്ചു പറഞ്ഞു. രാജ്യത്തെ അവസാനത്തെ പൗരന്റെ കണ്ണീരും തുടക്കുന്നതാകണം ഓരോ പദ്ധതിയും ലക്ഷ്യമിടേണ്ടതെന്ന് ഗാന്ധിജി ഓര്‍മിപ്പിച്ചു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.