വയനാട് മെഡിക്കല്‍ കോളേജ് അട്ടിമറിക്കാനുള്ള നീക്കം ചെറുത്തുതോല്‍പ്പിക്കും – മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍
മാനന്തവാടി : വയനാട് ഗവ.മെഡിക്കല്‍ കോളജ് പദ്ധതി അട്ടിമറിക്കാന്‍ തത്പര കക്ഷികള്‍ നടത്തുന്ന നീക്കങ്ങളെ വ്യാപാരി സമൂഹം ജനപിന്തുണയോടെ ചെറുത്തുതോല്‍പ്പിക്കുമെന്ന് മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ജില്ലാ ആശുപത്രിയില്‍ താത്കാലികമായി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളജിനായി ബോയ്‌സ് ടൗണില്‍ സ്ഥിരനിര്‍മാണം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനെതിരേയാണ് ചിലര്‍ രംഗത്തു വന്നിരിക്കുന്നത്. ആദിവാസി – പിന്നാക്ക വിഭാഗങ്ങള്‍ ധാരാളമുള്ള വടക്കേ വയനാട്ടില്‍ മതിയായ ചികിത്സാ സംവിധാനങ്ങളില്ല. മാനന്തവാടിക്കു സമീപം മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കേണ്ടത് വടക്കേ വയനാട്ടുകാരെ സംബന്ധിച്ചിടത്തോളം അനിവാര്യതയാണ്.
മെഡിക്കല്‍ കോളജ് വിഷയത്തില്‍ സമാന ചിന്താഗതിക്കാരായ പൊതുപ്രവര്‍ത്തകരുടെ യോഗം വ്യാപാര ഭവനില്‍ വിളിച്ചുചേത്ത് ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കും.
മാനന്തവാടി – മൈസൂരു പാതയില്‍ ബാവലി മുതല്‍ ബെള്ള വരെ ഭാഗം സഞ്ചാര യോഗ്യമാക്കുന്നതിനു അസോസിയേഷന്‍ കര്‍ണാടക സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തും.
118 വര്‍ഷം പഴക്കമുള്ള മാനന്തവാടി ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസ് കെട്ടിടം മ്യൂസിയമാക്കണമെന്നും ഇവിടെ റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള 11 ഏക്കര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനാക്കണമെന്നും ബന്ധപ്പെട്ടവരോട് ആവശ്യപ്പെടുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
പ്രസിഡന്റ് കെ.ഉസ്മാന്‍, ജനറല്‍ സെക്രട്ടറി പി.വി. മഹേഷ്, ട്രഷറര്‍ എന്‍.പി. ഷിബി, സി.കെ.സുജിത്, കെ.എക്‌സ്.ജോര്‍ജ്, എം.കെ. ഷിഹാബുദ്ദീന്‍, ഇ.എ. നാസിര്‍, ജോണ്‍സണ്‍ ജോണ്‍ എന്നിവര്‍ പങ്കെടുത്തു.