പോപ്പുലര്‍ ഫ്രണ്ട് വയനാട് ജില്ല കമ്മിറ്റി ഓഫീസ് പോലീസ് അടച്ചുപൂട്ടി
മാനന്തവാടി : കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളും, അനുബന്ധ സ്ഥാപനങ്ങളും അടച്ചു പൂട്ടുന്നതിനായി ഉത്തരവിറക്കയതിന്റെ ഭാഗമായി പോപ്പുലര്‍ ഫ്രണ്ടിന്റെ വയനാട് ജില്ലയിലെ ഓഫീസുകള്‍ക്കെതിരെ പോലീസും എന്‍.ഐ.എയും നടപടി തുടങ്ങി. മാനന്തവാടി എരുമത്തെരുവിലെ പോപ്പുലര്‍ ഫ്രണ്ട് ജില്ല കമ്മിറ്റി ഓഫീസ് പോലീസ് അടച്ചുപൂട്ടി.
മാനന്തവാടി ബസ്സ് സ്റ്റാന്റിന് സമീപത്തെ പള്ളിയോട് ചേര്‍ന്ന ട്രസ്റ്റ് ഓഫീസില്‍ എന്‍.ഐ.എ സംഘം നോട്ടീസ് പതിക്കുകയും ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് ഇസ്ലാമിക് സെന്റര്‍ ട്രസ്റ്റി ഓഫീസില്‍ എന്‍.ഐ.എ.സംഘം മാനന്തവാടി പോലീസിന്റെയും, ഡപ്യൂട്ടി തഹസില്‍ദാര്‍ രാകേഷിന്റെ നേതൃത്വത്തിലുള്ള റവന്യൂ അധികൃതരുടെയും സാന്നിധ്യത്തില്‍ നോട്ടീസ് പതിച്ചത്. ഇതിന് ശേഷം എരുമത്തെരുവിലെ പി.എഫ്ഐ ജില്ല കമ്മിറ്റി ഓഫീസ് ഡപ്യൂട്ടി തഹസില്‍ദാര്‍ ജോബി ജെയിംസിന്റ സാന്നിധ്യത്തില്‍ മാനന്തവാടി ഡി.വൈ.എസ്.പി.എ.പി.ചന്ദ്രന്‍, എസ്.എച്ച്.ഒ എം.എം.അബ്ദുള്‍ കരീം എന്നിവരുടെ നേതൃത്വത്തില്‍ നോട്ടീസ് പതിക്കുകയും അടച്ചു പൂട്ടുകയും ചെയ്തു.