തോൽപ്പെട്ടിയിൽ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ
തോല്‍പ്പെട്ടി : മാനന്തവാടി എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍ പി.ബി ബില്‍ജിത്തും സംഘവും തോല്‍പ്പെട്ടി ചെക്ക്‌പോസ്റ്റ് ഉദ്യോഗസ്ഥരും സംയുക്തമായി ചെക്ക് പോസ്റ്റില്‍ നടത്തിയ രാത്രികാല വാഹന പരിശോധനയില്‍ കെ.എല്‍ 84 – 8627 നമ്പര്‍ ബൈക്കില്‍ കടത്തിക്കൊണ്ടു വരികയായിരുന്ന 3.6 ഗ്രാം അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടു യുവാക്കളെ പിടികൂടി.
കൊണ്ടോട്ടി മുതുവല്ലൂര്‍ സ്വദേശി കുമ്മട്ടി വീട്ടില്‍ കെ. അബഷര്‍ (24), കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി ബി.സി. ഹൗസില്‍ ബിഷര്‍ ഷുഹൈബ് (22) എന്നിവരാണ് പിടിയിലായത്. 10 വര്‍ഷം വരെ കഠിനതടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്.
മയക്കുമരുന്ന് കടത്ത് സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു വരികയാണെന്ന് എക്സൈസ് സംഘം അറിയിച്ചു. വാഹന പരിശോധനയില്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അജേഷ് വിജയന്‍, ശ്രീധരന്‍, കെ.സി അരുണ്‍, ഹാഷിം, പി. വിപിന്‍, എം.ജി രാജേഷ്, എക്സൈസ് ഡ്രൈവര്‍ അബ്ദുറഹീം എന്നിവര്‍ പങ്കെടുത്തു.