മാനന്തവാടിയില്‍ വടിവാളുകൾ കണ്ടെടുത്ത സംഭവം ; ടയറു കടയിലെ ജീവനക്കാരൻ അറസ്റ്റിൽ
മാനന്തവാടി : മാനന്തവാടിയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രാദേശിക നേതാവിന്റെ കടയില്‍ നിന്നും വടിവാളുകള്‍ പിടികൂടിയ സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ടയറു കടയിലെ ജീവനക്കാരനും പി.എഫ്.ഐ പ്രവര്‍ത്തകനുമായ പിലാക്കാവ് പഞ്ചാരക്കൊല്ലി വരിക്കോടന്‍ ഷാഹുല്‍ (19) ആണ് ആയുധ നിയമപ്രകാരം അറസ്റ്റിലായത്.
കടയുടമ കല്ലുമൊട്ടുകുന്ന് നിയ മന്‍സില്‍ സലീം (36) ഒളിവിലാണ്. പി.എഫ്.ഐയുടെ 5 കേന്ദ്രങ്ങളില്‍ മാനന്തവാടി ഡിവൈഎസ്പി എ.പി ചന്ദ്രന്റെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ റെയ്ഡിലാണ് വടിവാളുകൾ കണ്ടെടുത്തത്. എരുമത്തെരുവിലുള്ള പിഎഫ്‌ഐ ജില്ലാ കമ്മിറ്റി ഓഫീസിലും, സലീമിന്റെ എസ് ആന്റ് എസ് ടയറു കടയിലും, പീച്ചംകോട് പിഎഫ്‌ഐ സാംസ്‌കാരിക കേന്ദ്രത്തിലും പനമരം അഞ്ച്ക്കുന്നില്‍ പിഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തുന്ന തടി മില്ലിലും, പേരിയാ ടൗണില്‍ പിഎഫ്‌ഐ പ്രവര്‍ത്തകനായ അബ്ദുള്‍ അസീസ് എന്നയാളുടെ പി.വി റെന്റ് സ്റ്റോര്‍സ് എന്ന കടയിലുമാണ് റെയ്ഡ് നടത്തിയത്. മാനന്തവാടി എരുമത്തെരുവിലുള്ള ജില്ലാ ഓഫീസില്‍ നിന്നും 4 ലഘു ലേഖകളും പിടികൂടിയിട്ടുണ്ട്.
മാനന്തവാടി ഡിവൈ.എസ്.പി എ.പി.ചന്ദ്രന്‍, പോലീസ് രഹസ്യാന്വേഷണ വിഭാഗം ഡിവൈ.എസ്.പി എന്‍.ഒ. സിബി എന്നിവരുടെ നേതൃത്വത്തിലാണ് പോലീസ് പരിശോധന നടത്തിയത്. തിരുനെല്ലി ഇന്‍സ്‌പെക്ടര്‍ പി.എല്‍. ഷൈജു, മാനന്തവാടി ഇന്‍സ്‌പെക്ടര്‍ എം.എം. അബ്ദുള്‍ കരീം, കമ്പളക്കാട് ഇന്‍സ്‌പെക്ടര്‍ എം.എ. സന്തോഷ് എന്നിവരും വിവിധ സ്റ്റേഷനുകളിലെ എസ്.ഐ. മാരായ എം. നൗഷാദ്, സി.ആര്‍. അനില്‍കുമാര്‍, എന്‍. അജീഷ്‌കുമാര്‍, സാബു ചന്ദ്രന്‍, ജൂനിയര്‍ എസ്.ഐമാരായ രാജി കൃഷ്ണന്‍, സിബി ടി. ദാസ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.