September 21, 2024

ജിനചന്ദ്രന്‍ സ്മാരക ജില്ലാ സ്റ്റേഡിയം നാടിന് സമര്‍പ്പിച്ചു

1 min read
Share

 

കല്‍പ്പറ്റ: കായിക മൈതാനങ്ങള്‍ നാടിന് മുതല്‍ കൂട്ടാവണമെന്നും താഴിട്ട് പൂട്ടാതെ പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കണമെന്നും കായിക വകുപ്പ് മന്ത്രി വി.അബ്ദു റഹ്‌മാന്‍ പറഞ്ഞു. കല്‍പ്പറ്റ മരവയലിലെ എം.കെ. ജിനചന്ദ്രന്‍ സ്മാരക ജില്ലാ സ്റ്റേഡിയം നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ജനകീയ സഹകരണത്തോടെ സ്റ്റേഡിയം പരിപാലിക്കുന്നതിന് സംവിധാനങ്ങള്‍ ഉണ്ടാകണം. ഇതിനായുളള ചെലവുകള്‍ പ്രാദേശികമായി കണ്ടെത്തണം. ചെറിയ തുക വരിസംഖ്യയായി സ്വീകരിക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു.

 

കായിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ 1500 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. ജില്ലകളില്‍ ഒരു സ്റ്റേഡിയമെങ്കിലും അന്താരാഷ്ട്ര നിലവാരത്തിലുളള താവണമെന്നാണ് ലക്ഷ്യമിടുന്നത്. വയനാട് ജില്ലയില്‍ 130 കോടി രൂപയാണ് നിലവില്‍ കായിക മേഖലയുടെ അടിസ്ഥാന വികസനത്തിനായി ചെലവഴിക്കുന്നത്. 37 കോടി രൂപ ചെലവില്‍ അമ്പിലേരിയില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം പൂര്‍ത്തിയാവുന്നു. മലബാറില്‍ തന്നെ എറ്റവും വലിയ സ്റ്റേഡിയ മാണിത്. ഡിസംബറില്‍ നാടിന് തുറന്ന് കൊടുക്കാനുളള ഒരുക്കങ്ങളാണ് നടത്തുന്നത്.

 

സംസ്ഥാനത്ത് 5 ലക്ഷം കുട്ടികള്‍ക്ക് ഐ.എം വിജയന്റെ നേതൃത്വത്തില്‍ സന്തോഷ്ട്രോഫി താരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഫുട്ബോള്‍ പരിശീലനം നല്‍കുന്നതിനുളള പദ്ധതി തുടങ്ങിയിട്ടുണ്ട്. കല്‍പ്പറ്റയിലെ ജില്ലാ സ്റ്റേഡിയ ത്തിലും ഇതിന്റെ ഭാഗമായുളള പരിശീലനം നല്‍കുന്നത് പരിഗണിക്കും. ജില്ലാ സ്റ്റേഡിയത്തിലേക്കുളള റോഡ് നവീകരിക്കുന്നതിന് 3 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുന്നു. സ്‌കൂള്‍ പാഠ്യ പദ്ധതികളില്‍ കായിക മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് മന്ത്രി പറഞ്ഞു.

 

പഞ്ചായത്തുകളില്‍ സ്പോര്‍ട്സ് കൗണ്‍സിലുകള്‍ രൂപീകരിക്കും. കളിസ്ഥലങ്ങള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ ഇതിനുളള സൗകര്യം ഒരുക്കും. ശരിയായ ആരോഗത്തിന് കായികക്ഷമത വളര്‍ത്താനും നാടുകള്‍ തോറും മൈതാനങ്ങള്‍ വേണമെന്ന് മന്ത്രി വി. അബ്ദുറഹ്‌മാന്‍ പറഞ്ഞു.

 

ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ടി. സിദ്ധീഖ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഒ.ആര്‍ കേളു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍, കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ മൂജീബ് കേയംതൊടി, മുന്‍ എം.എല്‍.എയും സഹകരണ ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനുമായ സി.കെ ശശീന്ദ്രന്‍, ഫുട്ബോള്‍ താരങ്ങളായ സി.കെ വിനീത്, സുശാന്ത് മാത്യു, തുടങ്ങിയവര്‍ മുഖ്യാതിഥികളായി. കായിക യുവജന ഡയറക്ടര്‍ എസ് .പ്രേം കൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം. മധു സ്വാഗതം പറഞ്ഞു. രാഹുല്‍ ഗാന്ധി എം.പിയുടെ സന്ദേശം ചടങ്ങില്‍ വായിച്ചു. ജനപ്രതിനിധികള്‍, സംസ്ഥാന, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കായിക താരങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.