September 21, 2024

റോഡുകളുടെയും പാലത്തിന്റെയും ശോചനീയാവസ്ഥ ; പനമരം ചെറിയ പാലത്തിൽ ശവപ്പെട്ടി സ്ഥാപിച്ച് പൗരസമിതിയുടെ പ്രതിഷേധം

1 min read
Share

 

പനമരം : പനമരം ചെറിയ പാലത്തിന്റെയും സംസ്ഥാന പാതയുൾപ്പെടെയുള്ള പ്രധാന റോഡുകളുടേയും ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് പനമരം പൗരസമിതി ചെറിയ പാലത്തിന് മുകളിൽ ശവപ്പെട്ടി സ്ഥാപിച്ചു. പനമരം നെല്ലാറാട്ട് കവലയിൽ നിന്നും വാമൂടിക്കെട്ടി റീത്തുമേന്തി പ്രകടനവുമായെത്തിയ പ്രവർത്തകർ പനമരം – നടവയൽ റോഡിലെ പാടെ തകർന്ന് നിലം പൊത്തൽ ഭീഷണിയിലായ ചെറിയ പാലത്തിന് മുകളിൽ ശവപ്പെട്ടി സ്ഥാപിക്കുകയായിരുന്നു. ശവപ്പെട്ടിക്ക് മുകളിൽ റീത്തും വെച്ച് പ്രതിഷേധം രേഖപ്പെടുത്തി.

പതിറ്റാണ്ടുകൾ പഴക്കം ചെന്ന പാലത്തിന്റെ തൂണുകളും കൈവരികളും തകർന്നിട്ട് വർഷങ്ങൾ പിന്നിട്ടു. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉൾപ്പെടെ റോഡും പാലവും സന്ദർശിച്ച് ഉടനടി പരിഹാരം കാണാനായി നിർദ്ദേശം നൽകിയിട്ടും പ്രവൃത്തികൾ നീണ്ടു പോവുന്നതിലുള്ള പ്രതിഷേധമായിരുന്നു സമരം. കുണ്ടും കുഴിയും നിറഞ്ഞ് കിടക്കുന്ന പനമരം മുതൽ നടവയൽ വരെയുള്ള റോഡിന്റെ പ്രവൃത്തിയും തുടങ്ങിയിട്ടില്ല. പനമരം – മാനന്തവാടി, പനമരം – കൽപ്പറ്റ പ്രധാന റോഡുകളുടെ അവസ്ഥയും പരിതാപാവസ്ഥയിലാണ്. റോഡിന്റെ ശോചനീയാവസ്ഥ മൂലം ജീവഹാനികളും അപകടങ്ങളും തുടർക്കഥയാവുകയാണ്. എന്നിട്ടും റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാത്തതിലുള്ള കടുത്ത അമർഷം പ്രവർത്തകർ അറിയിച്ചു.

റോഡോരങ്ങളിൽ വളർന്നു പന്തലിച്ച അടിക്കാടുകളും കണ്ണടച്ച തെരുവുവിളക്കുകളും റോഡരികിലെ അപാകതകളും, റോഡോരങ്ങളിൽ മതിയായ അപകട സൂചനാ ബോർഡുകൾ ഒരുക്കാത്തതും അപകടങ്ങൾക്ക് കാരണമാക്കി തീർക്കുകയാണ്. റോഡിലെ പൊടി ശ്വസിച്ച് യാത്രക്കാർ നിത്യരോഗികളായി മാറുകയാണ്. ഇതിനെല്ലാം പരിഹാരം കണ്ട് യാത്രക്കാരുടെ ജീവന് മതിയായ സുരക്ഷ ഒരുക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാവണമെന്ന് പനമരം പൗരസമിതി ആവശ്യപ്പെട്ടു.

സമരം പനമരം പൗരസമിതി ചെയർമാൻ അഡ്വ. ജോർജ് വാത്തു പറമ്പിൽ ഉദ്ഘാടനം ചെയ്തു. കൺവീനർ റസാക്ക് സി. പച്ചിലക്കാട് അധ്യക്ഷത വഹിച്ചു. ട്രഷറർ വി.ബി രാജൻ, ജോ.കൺവീനർ കാദറുകുട്ടി കാര്യാട്ട്, അജ്മൽ തിരുവാൾ, വിജയൻ മുതുകാട്, സജീവൻ ചെറുകാട്ടൂർ, സജി എക്സൽ, പി.കെ രാജേഷ്, ജോസ് ചുണ്ടക്കര എന്നിവർ സംസാരിച്ചു.

 

ചിത്രം : പനമരം പൗരസമിതി പ്രവർത്തകർ ചെറിയ പാലത്തിന് മുകളിൽ ശവപ്പെട്ടി സ്ഥാപിച്ചപ്പോൾ


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.