പനമരം കാപ്പുംഞ്ചാലിൽ സ്കൂട്ടർ കെ.എസ്.ആർ.ടി.സി ബസ്സിനടിയിലേക്ക് ഇടിച്ചു കയറി പിതാവിനും മകനും ദാരുണാന്ത്യം
പനമരം : കാപ്പുംഞ്ചാലിനും കൈതക്കലിനും ഇടയിൽ പഴയ വില്ലേജ് ഓഫീസിന് സമീപം കെ.എസ്.ആർ.ടി.സി ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികരായ പിതാവും മകനും മരിച്ചു. കൽപ്പറ്റ പെരുന്തട്ട സ്വദേശി മുണ്ടോടൻ എം.സുബൈർ (42), മകൻ മിഥിലാജ് (13) എന്നിവരാണ് മരിച്ചത്. ആറാംമൈൽ കുണ്ടാല മാനാഞ്ചിറയിൽ വാടകയ്ക്ക് താമസിച്ചു വരുന്നവരാണിവർ.
ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. പനമരത്ത് നിന്നും മാനാഞ്ചിറയിലേക്ക് പോവുന്നതിനിടെ ഇരുവരും സഞ്ചരിച്ച സ്കൂട്ടർ എതിരെ വന്ന കെ.എസ്.ആർ.ടി.സി ബസ്സിനടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹങ്ങൾ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഹാജറയാണ് സുബൈറിന്റെ ഭാര്യ.