ബത്തേരിയിൽ കാറിൽ ചന്ദനം കടത്തിയ സംഘം പോലീസ് പിടിയിൽ
സുൽത്താൻ ബത്തേരി : കാറിൽ ചന്ദനം കടത്തിക്കൊണ്ടുവന്ന കൊടുവള്ളി സ്വദേശികളായ രണ്ടു യുവാക്കളെ ബത്തേരി പോലീസ് പിടികൂടി. കൊടുവള്ളി സ്വദേശികളായ മൂത്തൻവീട്ടിൽ ജാഫർ (27), ചാലിയിൽ അബ്ദുൾ അസീസ് (38) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്ക് ചന്ദനം വിറ്റ കല്ലൂർ ഇരുപ്പത്തൊടിയിൽ ഗോപി (69) യെയും പിന്നീട് അറസ്റ്റുചെയ്തു. ശനിയാഴ്ച വൈകുന്നേരം ബത്തേരി എസ്.ഐ. ജെ. ഷജീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മൂലങ്കാവ് ടൗണിൽ വാഹനപരിശോധന നടത്തുന്നതിനിടെയാണ് ചന്ദനക്കടത്ത് സംഘം പിടിയിലായത്.
കല്ലൂരിൽ നിന്ന് ചന്ദനം വാങ്ങി കൊടുവള്ളിക്ക് കൊണ്ടുപോവുകയായിരുന്നു ഇവർ. പ്രതികൾ സഞ്ചരിച്ച കാറിനുള്ളിൽ നിന്ന് 23 കിലോ ചന്ദനത്തടിക്കഷ്ണം കണ്ടെടുത്തു. ചന്ദനം ചെറിയ കഷ്ണങ്ങളാക്കി കാറിന്റെ ഡിക്കിക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. പോലീസ് നടത്തിയ ചോദ്യംചെയ്യലിലാണ് കല്ലൂരിൽ നിന്നാണ് ചന്ദനം വാങ്ങിയതെന്ന വിവരം ലഭിച്ചത്.
തുടർന്ന് കല്ലൂരിലെ വീട്ടിൽനിന്ന് ഗോപിയേയും പിടികൂടി. ചന്ദനം വാങ്ങാനായി കൊടുവള്ളി സ്വദേശികൾ നൽകിയ 40000 രൂപയും ചന്ദനം മുറിക്കാനുപയോഗിച്ച വാളും ഗോപിയുടെ വീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തു.
തോട്ടാമൂലയിലെ സ്വകാര്യഭൂമിയിൽ നിന്നാണ് ചന്ദനത്തടി ലഭിച്ചതെന്നാണ് ഗോപി പോലീസിന് നൽകിയ മൊഴിയിലുള്ളത്.