രാത്രിയിൽ പനമരത്ത് നിന്നും ഓട്ടംവിളിച്ച സംഘം കൂലി ചോദിച്ചതിന് ഡ്രൈവറെ മർദ്ദിച്ചെന്ന് പരാതി
പനമരം : രാത്രിയിൽ ഓട്ടം വിളിച്ച് ഓട്ടോ കൂലി ചോദിച്ചതിന് ഓട്ടോ ഡ്രൈവറെ നാലംഗ സംഘം മർദ്ദിച്ചെന്ന് പരാതി. പനമരം ഓട്ടോ സ്റ്റാൻഡിലെ തൊഴിലാളിയായ തംസീറിറിനെയാണ് മർദ്ദിച്ചത്.
ഇന്നലെ രാത്രി രണ്ടുമണിയോടെ പനമരത്തു നിന്നും ദാസനക്കര പാക്കത്തേക്ക് ഓട്ടം വിളിച്ച സംഘമാണ് തംസീറിനെ മർദ്ദിച്ചത്. പാക്കത്തേക്ക് പകൽ സമയങ്ങളിൽ 28O രൂപ ചാർജ് നിലവിൽ ഉണ്ട്. രാത്രി ഓട്ടങ്ങളിൽ നിലവിലെ ചാർജിന്റെ 50% ഇരട്ടി വാങ്ങമെന്ന് നിയമം ഉണ്ട്. അതിനാൽ പാക്കത്ത് എത്തിയപ്പോൾ തംസീർ രാത്രി വാടകയായ 440 രൂപ ചോദിച്ചു. ഇതേച്ചൊല്ലിയായിരുന്നു മർദ്ദനം.
100 രൂപ മാത്രമേ തരാൻ കഴിയുകയുള്ളൂ. കൂടുതൽ തുകതരാൻ കഴിയില്ലെന്ന് ഓട്ടോ വിളച്ചയാളുകൾ പറഞ്ഞു. തുടർന്ന് തന്നെ മർദ്ദിക്കുകയായിരുന്നെന്ന് തംസീറിർ പറഞ്ഞു.
പരിക്കേറ്റ തംസീർ പനമരം സി.എച്ച്.സിയിൽ ചികിത്സതേടി. രാത്രി വന്യമൃഗങ്ങൾ ഇറങ്ങുന്ന പാക്കം പോലുള്ള പ്രദേശങ്ങളിലേക്ക് വളരെ ഭീതിയോടെയാണ് ഓട്ടം പോകുന്നത്. ഇതിനിടെയുണ്ടായ മർദ്ദനം അംഗീകരിക്കാൻ ആവില്ല. ഇതിനെതിരെ സംയുക്ത ഡ്രൈവേഴ്സ് യൂണിയൻ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് ഓട്ടോ തൊഴിലാളി യൂനിയൻ നേതാക്കൾ പറഞ്ഞു.