മൊബൈല്‍ കമ്പനികളുടെ 28 ദിവസത്തെ റീചാര്‍ജ് കൊള്ളയ്ക്ക് പൂട്ടിട്ട് കേന്ദ്രം: ഇനി പ്ലാനുകൾ 30 ദിവസം ലഭിക്കും
മൊബൈല്‍ കമ്പനികളുടെ 28 ദിവസത്തെ റീചാര്‍ജിംഗ് കൊള്ളയ്ക്ക് പൂട്ടിട്ട് കേന്ദ്ര സര്‍ക്കാര്‍. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ നിയമ ഭേദഗതിക്ക് പിന്നാലെ റീചാര്‍ജ് പ്ലാനുകളില്‍ ടെലികോം കമ്പനികള്‍ മാറ്റം വരുത്തി. ഒരു മാസം എന്ന നിലയില്‍ 28 ദിവസത്തെ റീചാര്‍ജ് പ്ലാനുകളാണ് മൊബൈല്‍ കമ്പനികള്‍ നല്‍കിവന്നിരുന്നത്. ട്രായ് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ടെലികോം കമ്പനികള്‍ 30 ദിവസത്തെ കാലാവധിയാക്കി റീചാര്‍ജ് പ്ലാനുകളില്‍ മാറ്റം കൊണ്ടുവന്നു. 28 ദിവസത്തെ പ്ലാന്‍ അനുസരിച്ച് വര്‍ഷത്തില്‍ ഉപഭോക്താവിന് 13 തവണ റീച്ചാര്‍ജ് ചെയ്യേണ്ടിവന്നിരുന്നു. ഒരു മാസത്തെ അധിക റീച്ചാര്‍ജാണ് മൊബൈല്‍ കമ്പനികള്‍ ഇതുവഴി ലക്ഷ്യമിട്ടിരുന്നത്.
ഒരു മാസം എന്ന പേരില്‍ മൊബൈല്‍ കമ്പനികള്‍ 28 ദിവസത്തെ പ്ലാന്‍ നല്‍കി ഉപഭോക്താക്കളെ കൊള്ളയടിക്കുന്നെന്ന് പരാതി ശക്തമായതിനെ തുടര്‍ന്ന് ചട്ടം ഭേദഗതി ചെയ്യാന്‍ ട്രായ് തീരുമാനിക്കുകയായിരുന്നു. 30 ദിവസത്തെ റീച്ചാര്‍ജ് പ്ലാനിന് പുറമെ എല്ലാ മാസവും ഒരേ തിയതികളില്‍ പുതുക്കാവുന്ന റീച്ചാര്‍ജ്ജ് പ്ലാനിനും ടെലികോം കമ്ബനികള്‍ രൂപം നല്‍കിയിട്ടുണ്ട്.