മേപ്പാടിയിൽ 6 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ
മേപ്പാടി: മേപ്പാടിയില്‍ വാഹന പരിശോധനയ്ക്കിടെ 6 കിലോഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിൽ. കഞ്ചാവ് വില്‍പ്പനക്കാരനായ മേപ്പാടി വിത്തുകാട് പിച്ചംകുന്നശ്ശേരി വീട്ടില്‍ നാസിക് (26) നെയും, ഇയാള്‍ക്ക് കഞ്ചാവ് കടത്തുന്നതിനും ഒളിപ്പിച്ച് വയ്ക്കുന്നതിനും വേണ്ട സഹായങ്ങള്‍ ചെയ്യുന്ന കൂട്ടു കച്ചവടക്കാരനായ കോട്ടത്തറ വയല്‍ പാറായില്‍ വീട്ടില്‍ മണിയെയും (25) ആണ് പോലീസ് അറസ്റ്റ് ചെയ്തു.
മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ബോധവല്‍ക്കരണം നടത്തുക, വിപണത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയില്‍ നടത്തി വരുന്ന ‘യോദ്ധാവ്’ ആന്റി – നര്‍കോട്ടിക് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായാണ് മേപ്പാടി സി.ഐ വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധന നടത്തിയത്. പരിശോധന സമയത്ത് നാസിക് പോലീസ് ഉദ്യോഗസ്ഥന് നേരെ കുരുമുളക് സ്‌പ്രേ അടിക്കുകയും, കൈ കടിച്ച് മുറിക്കുകയും ചെയ്തു. ഇതിനെതിരെ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ആന്ധ്രയിലെ പാടേരൂര്‍ എന്ന സ്ഥലത്തു നിന്നാണ് നാസിക് ഹോള്‍സെയില്‍ ആയി കഞ്ചാവ് വാങ്ങുന്നത്. തുടര്‍ന്ന് ട്രെയിനിലും ഓട്ടോറിക്ഷയിലുമായി അതിര്‍ത്തി കടത്തി കൊണ്ടുവരികയാണ് പതിവെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞു. ചേരമ്പാടി അതിര്‍ത്തി കടത്തിയ ശേഷം അവിടെ നിന്ന് ബൈക്കില്‍ കഞ്ചാവ് രഹസ്യമായി സൂക്ഷിക്കാന്‍ സുഹൃത്തായ മണി എന്നയാളുടെ കോട്ടത്തറയിലെ പാറായില്‍ വീട്ടില്‍ എത്തിക്കുകയായിരുന്നു. അവിടെ വെച്ച് ചെറിയ പാക്കറ്റുകള്‍ ആക്കി ചില്ലറ വില്‍പ്പന ചെയ്യുകയാണ് ഇവരുടെ രീതി.
ദേഹപരിശോധന സമയത്ത് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്ന വൈത്തിരി പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിപിനു നേരെ ഇയാള്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് വച്ചിരുന്ന പെപ്പര്‍ സ്‌പ്രേ എടുത്ത് കണ്ണില്‍ അടിക്കുകയും വലതു കൈ തണ്ടയില്‍ ശക്തമായി കടിച്ച് പോലീസ് കസ്റ്റഡിയില്‍ നിന്നും ഓടി രക്ഷപെടാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ പോലീസ് സംഘം ഇയാളെ മല്‍പ്പിടുത്തത്തിലൂടെ കീഴ്‌പ്പെടുത്തുകയാണ് ചെയ്തത്. പോലീസിനെ ആക്രമിച്ചതിനും, ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ഇയാള്‍ക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നാസിക്കിനെ മുന്‍പും കഞ്ചാവുമായി പിടികൂടിയതിന് അമ്പലവയല്‍, കല്‍പ്പറ്റ പോലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്.
എസ്.സി.പി.ഒമാരായ നൗഫല്‍, മുജീബ്, പ്രശാന്ത്, ഗോവിന്ദന്‍കുട്ടി, വിമല്‍ കുമാര്‍, ശ്രീജിത്ത്, മജീദ്, സി.പി.ഒ മാരായ സഹീര്‍ അഹമ്മദ്, ഷാജഹാന്‍, ഷാലു എന്നിവര്‍ പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു. വൈത്തിരി ലാന്‍ഡ് റെക്കോര്‍ഡ്‌സ് തഹസില്‍ദാര്‍ ടോമിച്ചന്‍ ആന്റണി പ്രതിയുടെ ദേഹ പരിശോധനയ്ക്കായി ഹാജരായി. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും.