രണ്ടര വയസ്സുകാരി കുളത്തിൽ വീണ് മരിച്ചു
പനമരം : ബന്ധുവിൻ്റെ മരണവീട്ടിൽ കുടുംബത്തോടൊപ്പം എത്തിയ രണ്ടര വയസ്സുകാരി മീൻ കുളത്തിൽ വീണ് മരിച്ചു. കോറോം മരച്ചുവട് പഴഞ്ചേരി ഹാഷിം – ഷഹന ദമ്പതികളുടെ ഏക മകൾ ഷഹദ ഫാത്തിമയാണ് മരിച്ചത്.
ഹാഷിമിൻ്റെ ബന്ധുവായ പനമരം ഹൈസ്ക്കൂൾ റോഡിലെ പുതിയ പുരയിൽ ഖാലിദ് ഞായറാഴ്‌ച മരണപ്പെട്ടിരുന്നു. ഹാഷിമിന്റെ ഭാര്യയും മകളും ഖാലിദിൻ്റെ വീട്ടിലെത്തിയിരുന്നു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെ ഷഹദ ഫാത്തിമയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ തിരച്ചിൽ നടത്തുന്നതിനിടയിലാണ് വീടിനോട് ചേർന്ന് മീൻ വളർത്താനായി ഒരുക്കിയ കുളത്തിൽ കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ പനമരത്തെ സ്വകാര്യ ആശുപത്രിയിലും, മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.