തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഉത്സവബത്ത നൽകി
പനമരം : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നൂറുദിനം തൊഴിൽ എടുത്ത തൊഴിലാളികൾക്ക് ഉത്സവബത്ത നൽകി. പനമരം ബ്ലോക്ക് പഞ്ചായത്തിലെ അഞ്ച് ഗ്രാമപ്പഞ്ചായത്തുകളിലും ഉൾപ്പെട്ട 5438 തൊഴിലാളികൾക്കാണ് ഓണം ഉത്സവബത്തയായി 1000 രൂപ വീതം നൽകിയത്.
ഉത്സവബത്തയുടെ വിതരണം പനമരം ഗ്രാമപ്പഞ്ചായത്ത് പതിനേഴാം വാർഡിൽ നൂറുദിനം പൂർത്തീകരിച്ച കീര കോമന് പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ കൃഷ്ണൻ ചെക്ക് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ കാട്ടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ നിത്യാ ബിജുകുമാർ, നടവയൽ ഡിവിഷൻ മെമ്പർ അന്നക്കുട്ടി ഉണ്ണികുന്നേൽ തുടങ്ങിയവർ സംസാരിച്ചു.
2021 -22 വർഷം നൂറുദിനം ഏറ്റവും കൂടുതൽ തികച്ച തൊഴിലാളികൾ പൂതാടി പഞ്ചായത്തിലാണ്. 1470 പേർ. കുറവ് മുള്ളൻകൊല്ലി ഗ്രാമപ്പഞ്ചായത്തിലും 741. പുൽപ്പള്ളി -1,271, പനമരം – 1099, കണിയാമ്പറ്റ – 857 എന്നിങ്ങനെയാണ് മറ്റ് ഗ്രാമപ്പഞ്ചായത്തുകളിൽ നൂറുദിനം പൂർത്തിയാക്കിയ തൊഴിലാളികളുടെ കണക്കുകൾ.