വള്ളിയൂർക്കാവ് ഫയർഫോഴ്സ് – കാവണക്കോളനി റോഡിനോട് അവഗണ ; നാട്ടുകാർ ദുരിതത്തിൽ
മാനന്തവാടി : മാനന്തവാടി മുനിസിപ്പാലിയിലെ 19-ാം വാർഡിൽ ഉൾപ്പെടുന്ന വള്ളിയൂർക്കാവ് ഫയർഫോഴ്സ് – കാവണക്കോളനി റോഡിനോട് അതികൃതർ അവഗണ കാണിക്കുന്നതായി പരാതി. പത്ത് വർഷത്തോളമായി റോഡിൽ യാതൊരു പ്രവൃത്തികളും നടത്താത്തതിനാൽ ചെളിക്കുളമായി കിടക്കുന്നത് നാട്ടുകാരെ തീർത്തും ദുരിതത്തിലാക്കുകയാണ്.
ആദിവാസി കോളനികൾ ഉൾപ്പെടെ 60- ഓളം കുടുംബങ്ങൾക്ക് ഏക ആശ്രയമായ റോഡാണിത്. വെറും 250 മീറ്റർ റോഡ് പോലും ഗതാഗത യോഗ്യമാക്കാൻ നഗരസഭ തയ്യാറാവാത്തത് കടുത്ത വിമർശങ്ങൾക്കിടയാക്കുകയാണ്. മണ്ണിട്ട റോഡിൽ ചെറിയ മഴയിൽ പോലും ഗതാഗതം നിലയ്ക്കും. ഓട്ടോറിക്ഷ പോലും ഇവിടേക്ക് എത്തില്ല. അതിനാൽ ആശുപത്രി പോലുള്ള അടിയന്തിര ഘട്ടങ്ങളിൽ തലച്ചുമടായാണ് ആളുകളെ എത്തിക്കാറ്. ആറാട്ടുതറ നെഹ്‌റു മെമ്മോറിയൽ യു.പി സ്കൂളിലേക്കുള്ള വഴിയും ഇതാണ്.
എത്രയും വേഗത്തിൽ നഗരസഭ നിസ്സംഗത വെടിഞ്ഞ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് ഗതാഗത യോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.