ആസ്പിരേഷണല്‍ ഡിസ്ട്രിക് പ്രോഗ്രാം : വയനാട് ജില്ലക്ക് വീണ്ടും ദേശീയ നേട്ടം
ആസ്പിരേഷണല്‍ ഡിസ്ട്രിക് പ്രോഗ്രാം : വയനാട് ജില്ലക്ക് വീണ്ടും ദേശീയ നേട്ടം
ആസ്പിരേഷണല്‍ ഡിസ്ട്രിക് പ്രോഗ്രാമില്‍ ജൂണ്‍ മാസത്തില്‍ അവസാനിച്ച പാദവര്‍ഷത്തില്‍ സാമ്പത്തിക ഉള്‍പ്പെടുത്തലും നൈപുണ്യ വികസനം തീമില്‍ ദേശീയതലത്തില്‍ വയനാട് ജില്ലക്ക് ഒന്നാം റാങ്ക്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ആരംഭിച്ചതിന് ശേഷം ഇത് നാലാം തവണയാണ് ജില്ലക്ക് മികച്ച റാങ്ക് ലഭിക്കുന്നത്. ദേശീയ നേട്ടം കൈവരിച്ചതോടെ ജില്ല 3 കോടി രൂപയുടെ അധിക ഫണ്ടിനും അര്‍ഹത നേടി. 2019 ജൂലൈയിലും 2021 ജൂണിലും കൃഷിയും ജലവിഭവം തീമില്‍ യഥാക്രമം രണ്ടും മൂന്നും റാങ്കും 2021 സെപ്തംബറില്‍ ആരോഗ്യം, പോഷകാഹാരം തീമില്‍ നാലാം റാങ്കും ജില്ല നേടിയിരുന്നു. ജൂണ്‍ മാസത്തെ മികച്ച റാങ്കിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച 3 കോടി രൂപയുടെ പ്രൊജക്ടുകള്‍ സെപ്തംബര്‍ 15 നകം നീതി ആയോഗിന് സമര്‍പ്പിക്കും.
രാജ്യത്തെ 112 പിന്നോക്ക ജില്ലകളെ അവരുടെ പ്രത്യേക വികസന ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ 2018 ല്‍ ആരംഭിച്ച പദ്ധതിയാണ് ആസ്പിരേഷണല്‍ ജില്ലാ പദ്ധതി. കേരളത്തില്‍ നിന്നുള്ള ഏക ആസ്പിരേഷണല്‍ ജില്ലയാണ് വയനാട്. ആരോഗ്യം-പോഷകാഹാരം(30%), വിദ്യാഭ്യാസം (30%), കൃഷി-ജലവിഭവം (20%), സാമ്പത്തിക ഉള്‍പ്പെടുത്തല്‍-നൈപുണ്യ വികസനം (10%), അടിസ്ഥാന സൗകര്യങ്ങള്‍ (10%) എന്നിങ്ങനെ 5 ഘടകങ്ങള്‍ക്ക് വെയ്റ്റേജ് നല്‍കി സംയോജിത സൂചികയുടെ അടിസ്ഥാനത്തിലാണ് ആസ്പിരേഷണല്‍ ജില്ലാ പദ്ധതി നടപ്പാക്കുന്നത്. തെരഞ്ഞെടുത്ത ഘടകങ്ങളിലെ 49 സൂചകങ്ങളെ (81 ഡാറ്റാ പോയിന്റുകള്‍) അടിസ്ഥാനമാക്കി ആസ്പിരേഷണല്‍ ജില്ലകളുടെ പുരോഗതി വിലയിരുത്തി എല്ലാ മാസവും റാങ്ക് നിശ്ചയിക്കുന്നു.