സ്വകാര്യ ബസ് സമരം പിൻവലിച്ചു
പുല്‍പ്പള്ളി : സ്വകാര്യ ബസ് തൊഴിലാളികള്‍ സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഇന്നു രാവിലെ ആരംഭിച്ച പണിമുടക്ക് പിന്‍വലിച്ചു. സംയുക്ത തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ പോലീസ് അധികാരികളുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.
പണിമുടക്ക് കെഎസ്ആര്‍ടിസി ബസുകള്‍ ഇല്ലാത്തതും നാമാത്രവുമായ റൂട്ടുകളില്‍ യാത്രക്കാര്‍ക്കു പ്രയാസം സൃഷ്ടിച്ചിരുന്നു. വ്യാഴാഴ്ച വൈകുന്നേരം നാലിനു സ്റ്റാന്‍ഡില്‍ സ്വകാര്യ ബസ് ഡ്രൈവറെ പോലീസ് കൈയേറ്റം ചെയ്തതില്‍ പ്രതിഷേധിയിരുന്നു പണിമുടക്ക്. സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസില്‍ ജീവനക്കാരുടെ അഭാവത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ വിദ്യാര്‍ഥികളെയടക്കം കയറ്റിയിരുന്നു. ഇതേക്കുറിച്ചു ഡ്രൈവര്‍ ചോദിക്കുന്നതിനിടെയായിരുന്നു കൈയേറ്റമെന്നു ബസ് തൊഴിലാളികള്‍ പറഞ്ഞു. ബസ് തൊഴിലാളി യൂണിയന്‍ നേതാക്കള്‍ സ്റ്റേഷനിലെത്തി ഹൗസ് ഓഫീസര്‍ക്കു പരാതി നല്‍കിയെങ്കിലും പ്രശ്‌ന പരിഹാരത്തിനു ഉതകുന്ന സത്വര ഇടപെടല്‍ ഉണ്ടായില്ല.
ഈ സാഹചര്യത്തിലാണ് പണിമുടക്കിനു നോട്ടീസ് നല്‍കിയത്. പോലീസിന്റെ ഭാഗത്തു ഇനി പ്രകോപനം ഉണ്ടാകില്ലെന്നു ചര്‍ച്ചയില്‍ ഉറപ്പുലഭിച്ചതായി സംയുക്ത തൊഴിലാളി യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. ഡ്രൈവറെ കൈയേറ്റം ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയിട്ടുണ്ട്.