ഗൂഗ്ള്‍ പേ, ഫോണ്‍പേ തുടങ്ങി യു.പി.ഐ സേവനങ്ങള്‍ക്ക് പണം ഈടാക്കില്ലെന്ന് ധനമന്ത്രാലയം
ഗൂഗ്ള്‍ പേ, ഫോണ്‍പേ തുടങ്ങി യു.പി.ഐ സേവനങ്ങള്‍ക്ക് പണം ഈടാക്കില്ലെന്ന് ധനമന്ത്രാലയം
യു.പി.ഐ സേവനങ്ങള്‍ക്ക് പണം ഈടാക്കില്ലെന്നും അത്തരം ആലോചനകളില്ലെന്നും കേന്ദ്ര ധനമന്ത്രാലയം. ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതാണ് സര്‍ക്കാര്‍ നിലപാട്. ഡിജിറ്റല്‍ പണമിടപാട് നടത്തുമ്പോഴുള്ള കമ്പനികളുടെ ചെലവിന് മറ്റു വഴികള്‍ കണ്ടെത്തണം.
യു.പി.ഐ (യൂനിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ്) പണമിടപാടുകള്‍ക്ക് സര്‍വിസ് ചാര്‍ജ് ഈടാക്കാനുള്ള ആലോചനയിലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ധനമന്ത്രാലയം ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലൂടെ വിശദീകരണക്കുറിപ്പിറക്കിയത്. ഗൂഗ്ള്‍ പേ, ഫോണ്‍പേ തുടങ്ങിയ യു.പി.ഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ചുമത്താനുള്ള സാധ്യതയെക്കുറിച്ച് ആര്‍.ബി.ഐ ഓഹരി ഉടമകളുടെ അഭിപ്രായം തേടിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
‘യു.പി.ഐ പൊതുജനങ്ങള്‍ക്ക് സൗകര്യപ്രദവും സമ്പദ്‌വ്യവസ്ഥക്ക് ഉല്‍പാദന ക്ഷമതയും നല്‍കുന്ന ഡിജിറ്റല്‍ പൊതുസേവനമാണ്. യു.പി.ഐ സേവനങ്ങള്‍ക്ക് നിരക്കുകള്‍ ഈടാക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലില്ല’ – ധനമന്ത്രാലയം ഞായറാഴ്ച രാത്രി ഔദ്യോഗിക ഹാന്‍ഡിലില്‍ ട്വീറ്റ് ചെയ്തു. സേവന ദാതാക്കള്‍ ചെലവ് കണ്ടെത്താനുള്ള വഴികള്‍ തേടുന്നുണ്ടെങ്കിലും ഫീസ് ഈടാക്കുന്നത് പരിഹാരമല്ല. ചെലവ് സംബന്ധിച്ച ആശങ്കകള്‍ മറ്റ് മാര്‍ഗങ്ങളിലൂടെ പരിഹരിക്കണമെന്നും വ്യക്തമാക്കി.
പേമെന്റ് സംവിധാനങ്ങളിലെ ചാര്‍ജുകളെക്കുറിച്ചുള്ള നയങ്ങള്‍ രൂപപ്പെടുത്താനും യു.പി.ഐ, ഐ.എം.പി.എസ് (ഇമ്മീഡിയറ്റ് പേമെന്റ് സേവനം), എന്‍.ഇ.എഫ്.ടി (നാഷനല്‍ ഇലക്‌ട്രോണിക് ഫണ്ട് ട്രാന്‍സ്‌ഫര്‍) പോലുള്ള വിവിധ പണമിടപാട് സേവനങ്ങള്‍ക്ക് ചാര്‍ജുകള്‍ ഈടാക്കാനുള്ള നിയമങ്ങള്‍ ശക്തമാക്കാനും ആര്‍.ബി.ഐ ലക്ഷ്യമിടുന്നതായും ഇതുസംബന്ധിച്ച ചര്‍ച്ചാപേപ്പര്‍ ആര്‍.ബി.ഐ പുറത്തിറക്കിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
രാജ്യത്ത് നിലവില്‍ യു.പി.ഐ ഇടപാടുകള്‍ക്ക് ഉപയോക്താവ് ചാര്‍ജ് നല്‍കേണ്ട. ഇതില്‍ മാറ്റം വരുത്താനാണ് ആര്‍.ബി.ഐ ഒരുങ്ങുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്വീകാര്യമായ ഡിജിറ്റല്‍ പണമിടപാട് സംവിധാനമാണ് യു.പി.ഐ, പ്രതിമാസം 10 ലക്ഷം കോടി രൂപയാണ് യു.പി.ഐ വഴി കൈമാറുന്നത്. 600 കോടിയിലധികം ഇടപാടുകള്‍ ഒരു മാസം നടക്കുന്നുണ്ട്.