ഗാന്ധി ചിത്രം തകര്‍ത്തെന്ന കേസ്; അറസ്റ്റിലായ 4 കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു
കൽപ്പറ്റ : രാഹുല്‍ ഗാന്ധിയുടെ വയനാട് ഓഫിസിലെ ഗാന്ധി ചിത്രം തകര്‍ത്തെന്ന കേസില്‍ അറസ്റ്റിലായ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. രാഹുലിന്റെ പി.എ കെ.ആര്‍ രതീഷ്‌കുമാര്‍ ഉള്‍പെടെയാണ് അറസ്റ്റിലായത്. എസ്.ആര്‍ രാഹുല്‍, കെ.എ മുജീബ്, വി.നൗശാദ് എന്നിവരും അറസ്റ്റിലായിരുന്നു. എസ്.ആര്‍ രാഹുലും നൗശാദും രാഹുല്‍ ഗാന്ധിയുടെ ഓഫിസ് സ്റ്റാഫാണ്.
മണിക്കൂറുകളോളമുള്ള ചോദ്യം ചെയ്യലിന് ശേഷം വെള്ളിയാഴ്ച ഉച്ചയോടെയാണ് പ്രവര്‍ത്തകരെ അറസ്റ്റുചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 427, 153 വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ നാല് പേര്‍ക്കുമെതിരേ കേസെടുത്തത്. അറസ്റ്റില്‍ പ്രതിഷേധിച്ച് എം.എല്‍.എമാരായ ടി.സിദ്ദീഖ്, ഐ.സി ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള നേതാക്കള്‍ കല്‍പറ്റ പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു.
അതേസമയം, കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അറസ്റ്റിനെതിരെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയുടെ ഭാഗമാണിത്. സര്‍ക്കാരിന്റെയും സിപിഎമിന്റെയും മുഖം രക്ഷിക്കാനുള്ള വ്യഗ്രതയാണ് ഇതിനുപിന്നിലെന്നും സുധാകരന്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
ബഫര്‍സോണ്‍ വിഷയത്തില്‍ വയനാട് എം.പി രാഹുല്‍ ഗാന്ധി ഒരു ഇടപെടലും നടത്തുന്നില്ലെന്നാരോപിച്ചായിരുന്നു എം.പി ഓഫിസിലേക്ക് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. മാര്‍ച്ചില്‍ ഓഫിസിന്റെ ജനല്‍ചില്ലുകളും കസേരകളും പ്രതിഷേധക്കാര്‍ നശിപ്പിച്ചിരുന്നു. തുടര്‍ന്ന് കസേരയില്‍ വാഴ വച്ച് പ്രതിഷേധിക്കുകയും ചെയ്തു. എം.പി ഓഫിസില്‍ അതിക്രമിച്ച് കയറിയ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ഗാന്ധി ചിത്രം നശിപ്പിച്ചുവെന്നായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചത്. എന്നാല്‍, ഓഫിസിനകത്തേക്ക് അതിക്രമിച്ചു കയറിയെങ്കിലും ഗാന്ധിജിയുടെ ചിത്രം തകര്‍ത്തത് തങ്ങളല്ലെന്നായിരുന്നു എസ്‌എഫ്‌ഐക്കാരുടെ വാദം.