September 20, 2024

തൊണ്ടർനാടിൽ ആയുധധാരികളായ മാവോയിസ്റ്റുകളെത്തി 

1 min read
Share

മാനന്തവാടി : തൊണ്ടർനാടിൽ മാവോയിസ്റ്റുകളെത്തിയെന്ന് വിവരം. തൊണ്ടർനാട് മട്ടിലയത്തിന് സമീപം പന്നിപ്പാട് കോളനിയിലാണ് ആയുധധാരികളായ മാവോയിസ്റ്റുകളെത്തിയത്. ആദിവാസി കോളനിക്ക് സമീപത്തെ തോട്ടില്‍ മീന്‍ പിടിക്കാന്‍ പോയവരാണ് ആദ്യം മാവോയിസ്റ്റുകളെ കണ്ടത്. നാല് പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നതെന്നാണ് ഇവര്‍ പൊലീസിന് നല്‍കിയ വിവരം.

ആയുധ ധാരികളായ ഒരു പുരുഷനും, 3 സ്ത്രീകളുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. നാലംഗ മാവോയിസ്റ്റ് സംഘം ആദിവാസി കോളനിയില്‍ എത്തി ഇവിടെ നിന്നും അരിയും പലവ്യഞ്ജനങ്ങളും വാങ്ങി തിരികെ പോയെന്ന് കോളനിക്കാര്‍ പറയുന്നു.

മാവോയിസ്റ്റുകളായ സുന്ദരി, സന്തോഷ് തുടങ്ങിയവരാണ് വന്നതെന്നാണ് പോലീസിന് ലഭ്യമായ വിവരം. മാവോയിസ്റ്റ് കബനി ദളത്തിലെ പ്രവര്‍ത്തകരാണ് ഇവര്‍ എന്നാണ് വിവരം. സുന്ദരി കര്‍ണാടക സ്വദേശിയാണ്. സംഭവത്തെ തുടര്‍ന്ന് തൊണ്ടര്‍നാട് പോലീസ് യുഎപിഎ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

കുറ്റ്യാടിക്കടുത്ത് മരുതങ്കരയില്‍ കഴിഞ്ഞ മാസം ഇതേ നിലയില്‍ മൂന്ന് സ്ത്രീകളും ഒരു പുരുഷനുമടങ്ങുന്ന മാവോയിസ്റ്റ് സംഘം എത്തിയിരുന്നു. ഉണ്ണിമായ എന്ന ശ്രീമതി, സുന്ദരിയെന്ന ലത എന്നിവരാണ് ഈ സംഘത്തിലുണ്ടായിരുന്നതെന്നാണ് പിന്നീട് പൊലീസ് സ്ഥിരീകരിച്ചത്. ഈ സംഘത്തിലെ പുരുഷനാരെന്ന് സ്ഥിരീകരിക്കാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. സംഭവത്തില്‍ തൊട്ടില്‍പ്പാലം പൊലീസ് കേസെടുത്തിരുന്നു. മരുതങ്കരയില്‍ ആന്‍ഡ്രൂസ് എന്നയാളുടെ വീട്ടിലെത്തിയ സംഘം പിന്നീട് കടന്തറ പുഴ കടന്ന് മാവട്ടം ഭാഗത്തേക്ക് പോവുകയായിരുന്നു.

കോഴിക്കോട് ആവിക്കലിലെ മാലിന്യ പ്ലാന്റിനെതിരായ സമര സ്ഥലത്ത് നിന്ന് സിപിഐ മാവോയിസ്റ്റ് ബന്ധം സംശയിക്കുന്ന മൂന്ന് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സി.പി നഹാസ്, ഷനീര്‍, ഭഗത് ദിന്‍ എന്നിവരെയാണ് വെള്ളയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. സമരസമിതി തങ്ങളെ ക്ഷണിച്ചിട്ടില്ല, ചിത്രങ്ങള്‍ പകര്‍ത്താനും മറ്റുമായി എത്തിയതെന്നാണ് ഇവര്‍ മൊഴി നല്‍കിയത്. മൂവരെയും പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സമരത്തിന് പിന്നില്‍ മാവോയിസ്റ്റുകളുമുണ്ടെന്ന വാദം സിപിഎം ശക്തമാക്കിയിരുന്നു.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.