റെയില്‍വേ ടിക്കറ്റിന്റെ 20 രൂപ ബാക്കി കിട്ടിയില്ല ; 22 വർഷം കേസ് നടത്തി , ഒടുവില്‍ പലിശയടക്കം തിരിച്ചു പിടിച്ച് 66 കാരൻ
റെയില്‍വേ ടിക്കറ്റിന്റെ 20 രൂപ ബാക്കി കിട്ടിയില്ല ; 22 വർഷം കേസ് നടത്തി , ഒടുവില്‍ പലിശയടക്കം തിരിച്ചു പിടിച്ച് 66 കാരൻ
ന്യൂഡല്‍ഹി: ടിക്കറ്റിന് 20 രൂപ അമിതമായി ഈടാക്കിയതിനെതിരെ ഇന്ത്യന്‍ റെയില്‍വേക്കെതിരെ യു.പി മഥുര സ്വദേശി തുംഗനാഥ് ചതുര്‍വേദി നടത്തിയ നിയമപോരാട്ടത്തില്‍ നീതി ലഭിക്കാന്‍ എടുത്തത് നീണ്ട 22 വര്‍ഷം.1999 ല്‍ നടന്ന സംഭവത്തില്‍ മഥുര ജില്ല ഉപഭോക്തൃ കോടതിയില്‍ നിന്ന് 66 കാരനായ തുംഗനാഥിന് കഴിഞ്ഞ ആഴ്ചയാണ് നീതി ലഭ്യമായത്. അധിക തുക ഈടാക്കിയ 20 രൂപക്ക് 1999 മുതല്‍ പ്രതിവര്‍ഷം 12 ശതമാനം പലിശയോടുകൂടി ഒരു മാസത്തിനുള്ളില്‍ നല്‍കാന്‍ കോടതി വിധിച്ചു. ഒരു മാസത്തിനകം നല്‍കിയില്ലെങ്കില്‍ 15 ശതമാനമായി പലിശ നിരക്ക് ഉയര്‍ത്തുമെന്നും കോടതി അറിയിച്ചു. ഇത്രയും കാലത്തെ നിയമപോരാട്ടത്തിനുണ്ടായ സാമ്പത്തികവും മാനസികവുമായ പ്രയാസങ്ങള്‍ക്ക് നഷ്ടപരിഹാരമായി 15,000 രൂപ അധികമായി നല്‍കാനും കോടതി വിധിച്ചു.
1999 ഡിസംബര്‍ 25ന് സുഹൃത്തിനൊപ്പം അഭിഭാഷകനായ തുംഗനാഥ് ചതുര്‍വേദി മഥുര കന്‍റോണ്‍മെന്‍റ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മുറാദാബാദിലേക്ക് ടിക്കറ്റ് എടുത്തപ്പോഴാണ് 20 രൂപ അധികമായി ഈടാക്കിയത്. 100 രൂപ നല്‍കി ടിക്കറ്റ് ആവശ്യപ്പെട്ട തുംഗനാഥിന് കൗണ്ടറിലുണ്ടായിരുന്ന ക്ലര്‍ക്ക് ടിക്കറ്റിന്‍റെ വിലയായ 70 രൂപ എടുത്ത് 30 രൂപ മടക്കി നല്‍കുന്നതിന് പകരം 10 രൂപ മാത്രമാണ് നല്‍കിയത്. ഇക്കാര്യം തുംഗനാഥ് ക്ലര്‍ക്കിന്‍റെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും അയാള്‍ കൃത്യമായ ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറി.
ഇതോടെ തുംഗനാഥ് നോര്‍ത്ത് ഈസ്റ്റ് റെയില്‍വേ, മഥുര കാന്‍റ് സ്റ്റേഷന്‍ മാസ്റ്റര്‍, ടിക്കറ്റ് ബുക്കിങ് ക്ലര്‍ക്ക് എന്നിവര്‍ക്കെതിരെ ജില്ല ഉപഭോക്തൃ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.