വൈദ്യുതി ഭേദഗതിബില്‍ ; സേവ് കെഎസ്ഇബി ഫോറം പ്രതിഷേധിച്ചു
കല്‍പ്പറ്റ: വൈദ്യുതി ഭേദഗതിബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള നീക്കത്തിനെതിരെ സേവ് കെ.എസ്.ഇ.ബി ഫോറം വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനം നടത്തി. പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും നിലവില്‍ ലഭ്യമായി കൊണ്ടിരിക്കുന്ന കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി നിഷേധിക്കുന്ന തരത്തിലാണ് പുതിയ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു പാസാക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വന്നിരിക്കുന്നതെന്ന് സേവ് കെ.എസ്.ഇ.ബി ഫോറം ആരോപിച്ചു.
ക്രോസ് സബ്‌സിഡി സംവിധാനം പൂര്‍ണമായും ഇല്ലാതാക്കുന്ന ഭേദഗതി നിലവില്‍ വന്നാല്‍ രാജ്യത്ത് വൈദ്യുതി വിതരണ രംഗം സ്വകാര്യ കുത്തക കമ്പനികള്‍ കയ്യടക്കുന്നതിനും അതുവഴി ദരിദ്ര വിഭാഗങ്ങള്‍ക്കും മുന്‍ഗണന വിഭാഗങ്ങള്‍ക്കും ചെറുകിട വ്യവസായങ്ങള്‍ക്കും നല്‍കിക്കൊണ്ടിരിക്കുന്ന സബ്‌സിഡി ഇല്ലാതാകുന്ന സാഹചര്യം ഉണ്ടാകും. ബില്ലിനെതിരെ ശക്തമായ തുടര്‍ പ്രക്ഷോഭങ്ങളുമായി സംഘടനാ രംഗത്ത് വരുമെന്ന് നേതാക്കൾ അറിയിച്ചു.
സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായാണ് ജീവനക്കാര്‍ ജില്ലയിലും സമരപരിപാടികള്‍ നടത്തിയത്. പ്രതിഷേധ ധാര്‍ണ്ണയും സമ്മേളനവും കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.എം ജംഹര്‍ ഉദ്ഘാടനം ചെയ്തു. ബോബിന്‍ എം.എം അധ്യക്ഷത വഹിച്ചു. എല്‍ദോ.കെ ഫിലിപ്പ്, അബ്ദുല്‍ അസീസ് സി.കെ, കെ.ആര്‍ ജയേഷ്, സതീഷ് എം.കെ എന്നിവര്‍ സംസാരിച്ചു.