വിന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പര ഇന്ത്യക്ക്; 59 റണ്‍സ് ജയം
വിന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പര ഇന്ത്യക്ക്; 59 റണ്‍സ് ജയം
ഫ്ലോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പര ഇന്ത്യക്ക്. ഫ്ലോറിഡയില്‍ നടന്ന മത്സരത്തില്‍ വിന്‍ഡീസിനെ 59 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ആവേശ് ഖാനാണ് കളിയിലെ താരം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സടിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ 132 റണ്‍സില്‍ പിടിച്ചുകെട്ടി.
ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും നല്‍കിയത്. അഞ്ചാം ഓവറില്‍ രോഹിത് മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 50 കടന്നിരുന്നു. അടുത്ത ഓവറില്‍ സൂര്യകുമാര്‍ യാദവും വീണതോടെ ക്രീസില്‍ എത്തിയ ഋഷഭ് പന്തും ദീപക് ഹൂഡയും ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിപ്പിച്ചു. പിന്നാലെ എത്തിയ സഞ്ജുവും ബാറ്റിങ് വേഗം കുറച്ചില്ല. അവസാന ഓവറുകളില്‍ അക്‌സര്‍ പട്ടേലും തകര്‍ത്തടിച്ചതോടെ 20 ഓവറില്‍ ടീം സ്‌കോര്‍ 191ല്‍ എത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് നിരയെ ഇന്ത്യ എറിഞ്ഞിട്ടു. വെസ്റ്റ് ഇന്‍ഡീസ് നിരയില്‍ ആറു താരങ്ങള്‍ക്ക് രണ്ടക്കം കടക്കാനായില്ല. ഒടുവില്‍ 19-ാം ഓവറില്‍ 132 റണ്‍സിന് വിന്‍ഡീസ് പ്രതിരോധം അവസാനിച്ചു.
മഴമൂലം ഒരു മണിക്കൂറോളം വൈകിയാണ് കളി തുടങ്ങിയത്. അഞ്ചു മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പരയില്‍ മൂന്ന് മത്സരങ്ങള്‍ ജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.