വയോധികയുടെ മരണം കൊലപാതകം ; ഭർത്താവ് അറസ്റ്റിൽ
ബത്തേരി : നൂൽപ്പുഴ കാട്ടുനായ്ക്ക കോളനിയിലെ ചിക്കി (70) യുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ചിക്കി മരിച്ചത് അബദ്ധത്തില്‍ കിടങ്ങില്‍ വീണ് മരിച്ചെന്നാണ് ഭര്‍ത്താവ് ഗോപി ആളുകളെ ധരിപ്പിച്ചിരുന്നത്. എന്നാല്‍ മരണം കൊലപാതകമാണെന്ന് നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതോടെ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷിക്കുകയായിരുന്നു.
ഒരു മാസം മുൻപാണ് സംഭവം. ഗോത്രാചാരങ്ങൾ ഒന്നുമില്ലാതെ ചിക്കിയുടെ മൃതദേഹം സംസ്ക്കരിച്ചിരുന്നു. ഇതോടെയാണ് ദുരൂഹതയാരോപിച്ച് നാട്ടുകാർ രംഗത്തെത്തിയത്. കേസെടുത്ത ബത്തേരി പോലീസ് കൊലപാതകമാണന്ന പ്രാഥമിക നിഗമനത്തിലേക്ക് എത്തി. ജില്ലാ കളക്ടറുടെ പ്രത്യേക അനുമതിയോടെ ഇന്നലെ ചിക്കിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം നടത്തി. തലയ്ക്കേറ്റ മുറിവാണ് മരണകാരണമെന്ന് തെളിഞ്ഞു. സംഭവത്തിൽ ചിക്കിയുടെ ഭർത്താവ് ഗോപിയെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു.
ഫോറൻസിക് വിഭാഗം മോധാവിയുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി. ചിക്കിയുടെ തലയ്ക്കും കൈയ്ക്കും അടിയേറ്റ് പരിക്കുകൾ ഉണ്ടെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭർത്താവ് ഗോപിയെ ബത്തേരി പൊലിസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.
ചിക്കിയുടേത് കൊലപാതകമാണെന്ന് തെളിഞ്ഞതിന് പിന്നാലെയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മദ്യപിച്ചുണ്ടായ വാക്ക്തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. തലയ്ക്ക് അടിയ്ക്കാൻ ഉപയോഗിച്ച ആയുധം ഇനി കണ്ടെത്തണം. ഇതിനായി പ്രതിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകും.