കോമൺവെൽത്ത് ഗെയിംസ് : ഗുസ്‌തിയിൽ ഇന്ത്യയ്ക്ക് ഇരട്ടസ്വർണം ; ബജ്റങ്ങിനും സാക്ഷിക്കും പൊൻതിളക്കം
കോമൺവെൽത്ത് ഗെയിംസ് : ഗുസ്‌തിയിൽ ഇന്ത്യയ്ക്ക് ഇരട്ടസ്വർണം ; ബജ്റങ്ങിനും സാക്ഷിക്കും പൊൻതിളക്കം
കോമൺവെൽത്ത് ഗെയിംസിൽ ഗുസ്തിയിൽ ഇരട്ടസ്വർണ നേട്ടവുമായി ഇന്ത്യ. 65 കിലോ പുരുഷ വിഭാഗത്തിൽ ബജ്റങ് പൂനിയ സ്വർണ മെഡൽ നേടി. കാനഡയുടെ ലച്ച്ലൻ മക്നീലിയെ തോൽപ്പിച്ചാണ് ബജ്റങ് സ്വർണം ഇടിച്ചിട്ടത്. 62 കിലോ വനിതാ വിഭാഗത്തിൽ സാക്ഷി മാലിക്കും സ്വർണം നേടി. കാനഡയുടെ അന ഗൊഡീനസിനെയാണ് തോൽപ്പിച്ചത്. ഇതോടെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ സ്വർണനേട്ടം എട്ടായി.
കോമൺവെൽത്തിൽ ബജ്റങ്ങിന്റെ മൂന്നാം മെഡൽ നേട്ടമാണിത്. ഇതിനു മുൻപ് മറ്റൊരു സ്വർണവും വെള്ളി മെഡലും താരം നേടിയിട്ടുണ്ട്. 2021 ടോക്കിയോ ഒളിംപിക്സിലെ വെങ്കല മെഡൽ ജേതാവുമാണ് ബജ്റങ് പൂനിയ. ലോക ചാംപ്യൻഷിപ്പിൽ ഒരു വെള്ളിയും രണ്ടു വെങ്കലവും ബജ്റങ്ങിന്റെ പേരിലുണ്ട്. 2016 റിയോ ഒളിംപിക്സിൽ വെങ്കൽ മെഡൽ നേടിയ താരമാണ് സാക്ഷി മാലിക്ക്.
അതേസമയം, വനിതകളുടെ 57 കിലോ വിഭാഗത്തില്‍ അന്‍ഷു മാലിക്ക് വെള്ളി മെഡൽ നേടി. നൈജീരിയയുടെ അഡുക്കുറെയെയോടാണ് ഫൈനലില്‍ പരാജയപ്പെട്ടത്. നൈജീരിയന്‍ താരത്തിന്റെ തുടര്‍ച്ചയായ മൂന്നാം കോമണ്‍വെല്‍ത്ത് സ്വര്‍ണമാണ്. 4 X 400 മീറ്റര്‍ പുരുഷവിഭാഗം റിലേയില്‍ ഇന്ത്യ ഫൈനലില്‍ കടന്നു. 3.06 സെക്കന്‍ഡില്‍ ഹീറ്റ്സില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. മുഹമ്മദ് അനസ്, മുഹമ്മദ് അജ്മല്‍, നോഹ നിര്‍മല്‍ ടോം, അമോജ് ജേക്കബ് എന്നീ മലയാളി താരങ്ങളാണ് ഇന്ത്യയ്ക്കായി മത്സരിച്ചത്. ബാഡ്മിന്റനില്‍ സിംഗിള്‍സില്‍ പി.വി.സിന്ധുവും ശ്രീകാന്തും വനിത ഡബിള്‍സില്‍ ട്രീസ ജോളി – ഗായത്രി ഗോപിചന്ദ് സഖ്യവും ക്വാര്‍ട്ടറിലെത്തി.