കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആറാം സ്വർണം ; ചരിത്രം കുറിച്ച് മലയാളി താരം ശ്രീശങ്കര്‍ , റെക്കോർഡിട്ട് സുധീര്‍
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചരിത്ര നേട്ടം കുറിച്ച് മലയാളി താരം എം.ശ്രീശങ്കര്‍. പുരുഷ ലോംഗ് ജംപില്‍ വെള്ളി മെഡല്‍ സ്വന്തമാക്കി. 8.08 മീറ്റര്‍ ചാടിയാണ് താരം മെഡല്‍ ഉറപ്പിച്ചത്. ഇതോടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 20 ആയിരിക്കുകയാണ്.
ഇന്ത്യയ്‌ക്ക് ആദ്യമായാണ് പുരുഷ ലോംഗ് ജംപ് വിഭാഗത്തില്‍ വെള്ളി മെഡല്‍ ലഭിക്കുന്നത്. തന്റെ ഈ നേട്ടത്തിന് പിന്നില്‍ അച്ഛനാണെന്നും അതുകൊണ്ട് തന്നെ ഈ മെഡല്‍ അച്ഛന് സമ്മാനിക്കുന്നുവെന്നും പാലക്കാടുകാരനായ ശ്രീശങ്കര്‍ പറയുന്നു.
അഞ്ചാം സ്ഥാനത്തെത്തിക്കൊണ്ട് മുഹമ്മദ് അനീസും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
ശ്രീശങ്കറിനെ പ്രശംസിച്ചു കൊണ്ട് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറും രംഗത്തെത്തി. നാല് പതിറ്റാണ്ടിന് ശേഷം ലോംഗ് ജംപില്‍ ഇന്ത്യയ്‌ക്ക് മെഡല്‍ ലഭിച്ചിരിക്കുകയാണ്. ഇന്ത്യന്‍ കായിക ലോകത്തിന് ഇത് ചരിത്ര നിമിഷം തന്നെയാണ്. അത്‌ലറ്റിക്‌സ് ലോകത്ത് ഇന്ത്യയുടെ മുന്നേറ്റത്തെ നിങ്ങള്‍ ശക്തിപ്പെടുത്തിയെന്നും ഇനിയും നിരവധി വിജയങ്ങള്‍ വരാന്‍ ആശംസിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
അതേസമയം, കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷന്മാരുടെ പാരാ പവര്‍ലിഫ്റ്റിങ് ഹെവിവെയിറ്റ് വിഭാഗത്തില്‍ സ്വര്‍ണമെഡല്‍ നേടി ഇന്ത്യന്‍ താരം സുധീര്‍. ഏഷ്യന്‍ പാരാ ഗെയിംസ് വെങ്കല മെഡല്‍ ജേതാവാണ് സുധീര്‍. ആദ്യ ശ്രമത്തില്‍ 208 കിലോ ഉയര്‍ത്തിയ താരം രണ്ടാം ശ്രമത്തില്‍ 212 കിലോ ഉയര്‍ത്തി 134.5 പോയിന്‍റ് നേടിയാണ് റെക്കോഡോടെ സ്വര്‍ണം സ്വന്തമാക്കിയത്.
ഈ വര്‍ഷത്തെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പാരാ സ്‌പോര്‍ട്‌സ് വിഭാഗത്തില്‍ മെഡല്‍ നേടുന്ന ആദ്യത്തെ താരമാണ് പോളിയോ ബാധിതനായ 27 കാരനായ സുധീര്‍. 133.6 പോയിന്‍റുമായി ഇകെച്ചുക്വു ക്രിസ്റ്റ്യന്‍ ഒബിചുക്വു വെള്ളിയും 130.9 പോയിന്‍റുമായി മിക്കി യൂള്‍ വെങ്കലവും നേടി.
ജൂണില്‍ ദക്ഷിണ കൊറിയയില്‍ നടന്ന വേള്‍ഡ് പാരാ പവര്‍ലിഫ്റ്റിങ് ഏഷ്യ-ഓഷ്യാനിയ ഓപ്പണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ 214 കിലോഗ്രാം ഉയര്‍ത്തി വെങ്കലം നേടിയിരുന്നു. 2013ല്‍ സോനിപത്തില്‍ ഭാരോദ്വഹനം ആരംഭിച്ച സുധീര്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഹാങ്‌ഷൗ 2022 ഏഷ്യന്‍ പാരാ ഗെയിംസിനും യോഗ്യത നേടിയിട്ടുണ്ട്.