ബത്തേരിയില്‍ ആളില്ലാത്ത വീട് കുത്തിതുറന്ന് വൻ കവർച്ച ; 90 പവന്‍ സ്വര്‍ണാഭരണങ്ങളും, 43000 രൂപയും കവർന്നു
ബത്തേരി : സുല്‍ത്താന്‍ ബത്തേരിയില്‍ ആളില്ലാത്ത വീട് കുത്തിതുറന്ന് വൻ കവർച്ച. 90 പവൻ സ്വര്‍ണാഭരണങ്ങളും, 43000 രൂപയും കവർന്നു.
ബത്തേരി മന്തണ്ടിക്കുന്ന് ശ്രീഷമം ശിവദാസന്റെ വീട്ടിലാണ് കഴിഞ്ഞദിവസം മോഷണം നടന്നത്. ചൊവ്വാഴ്ച വൈകിട്ട് വീട്ടുകാര്‍ പെരിന്തല്‍ മണ്ണയിലുള്ള ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് വീട് പൂട്ടിപോയതായിരുന്നു. തുടര്‍ന്ന് ബുധനാഴ്ച വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് വാതില്‍ തുറന്നു കിടക്കുന്നത് കണ്ടത്.
പിന്നീട് അകത്ത് കയറി പരിശോധിച്ചപ്പോഴാണ് ബെഡ്‌റൂമുകളിലെ അലമാരകളില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും നഷ്ടപ്പെട്ടിട്ടുണ്ടന്ന് മനസിലായത്.വീടിന്റെ മുന്‍വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷണം. വീട്ടുകാര്‍ ബത്തേരി പൊലിസില്‍ പരാതി നല്‍കി.
ഇന്ന് രാവിലെ വിരലടയാള വിദഗ്ദരും, ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന കവറുകള്‍ വീടിനുമുറ്റത്ത് ഒരു മൂലയിലായാണ് കിടന്നിരുന്നത്. ഇത് പുറത്തെത്തിച്ച് ആഭരണങ്ങള്‍ എടുത്തതിനു ശേഷം ഉപേക്ഷിച്ചതാണന്നാണ് പൊലിസ് നിഗമനം.
ജില്ലാ പൊലിസ് മേധാവി ആര്‍.ആനന്ദ് ഐ.പി.എസ്, ബത്തേരി ഡി.വൈ.എസ്.പി കെ.കെ അബ്ദുള്‍ ഷരീഫ്, പൊലീസ് ഇന്‍സ്പെക്ടര്‍ കെ.വി ബെന്നി, സബ്ഇന്‍സ്പെക്ടര്‍ ഷജീം എന്നിവരടക്കം സ്ഥലത്തെത്തിയിരുന്നു.