September 20, 2024

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അഞ്ചു മെഡലുകള്‍ കൂടി സ്വന്തമാക്കി ഇന്ത്യ ; ആകെ മെഡല്‍ നേട്ടം18 ആയി

1 min read
Share

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അഞ്ചു മെഡലുകള്‍ കൂടി സ്വന്തമാക്കി ഇന്ത്യ. ഒരു വെള്ളിയും നാലു വെങ്കലവുമാണ് ലഭിച്ചത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ സമ്പാദ്യം 18 ആയി ഉയര്‍ന്നു. അഞ്ചു സ്വര്‍ണവും ആറു വെള്ളിയും ഏഴു വെങ്കലുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.

 

വനിതകളുടെ ജൂഡോയില്‍ തൂലികാ മാന്‍ ആണ് ബുധനാഴ്ച വെള്ളി മെഡല്‍ സമ്മാനിച്ചത്. 78 പ്ലസ് വിഭാഗത്തിലായിരുന്നു ഇത്. പുരുഷന്‍മാരുടെ സ്‌ക്വാഷ് സിംഗിള്‍ സൗരവ് ഖോശാലിനും ഹൈജംപ് പുരുഷ വിഭാഗത്തില്‍ തേജശ്വിന്‍ ശങ്കറിനു വെങ്കലവും ലഭിച്ചു. ഭാരോദ്വഹനത്തില്‍ ഗുര്‍ദീപ് സിങും ലവ്പ്രീത് സിങും വെങ്കലവും രാജ്യത്തിനു സമ്മാനിച്ചിരുന്നു.

 

ഹൈജംപില്‍ 2.22 മീറ്റര്‍ ചാടിയാണ് തേജശ്വിന്‍ വെങ്കല മെഡലിനു അവകാാശിയായത്. ഇതോടെ ഗെയിംസിന്റെ ചരിത്രത്തില്‍ ഇന്ത്യക്കു വേണ്ടി ഹൈജംപില്‍ മെഡല്‍ ചൂടിയ ആദ്യത്തെ താരമായി അദ്ദേഹം മാറുകയും ചെയ്തു. ഹൈജംപില്‍ ന്യൂസിലാന്‍ഡിന്റെ ഹാമിഷ് കെറിനാണ് സ്വര്‍ണം. ഓസ്‌ട്രേലിയയുടെ ബ്രെന്‍ഡന്‍ സ്റ്റാര്‍ക്ക് വെള്ളിയും കരസ്ഥമാക്കി. നിലവില്‍ ഹൈംജംപില്‍ ദേശീയ റെക്കോര്‍ഡും തേജശ്വിന്റെ പേരിലാണ്. 23 കാരനായ താരം നേരത്തേ ഗെയിംസിനുള്ള ടീം പ്രഖ്യാപിച്ചപ്പോള്‍ സംഘത്തില്‍ ഇല്ലായിരുന്നു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് അവസാന മിനിറ്റിലാണ് താരത്തെ ടീമിലുള്‍പ്പെടുത്തിയത്.

 

വനിതകളുടെ 78 കിഗ്രാം ജൂഡോ ഫൈനലില്‍ സ്‌കോട്ട്‌ലാന്‍ഡിന്റെ സാറ അഡ്‌ലിങ്ടണിനോടു തോറ്റതോടെയാണ് തൂലികയ്ക്കു വെള്ളി ലഭിച്ചത്. സ്വര്‍ണത്തിനായി ഇന്ത്യന്‍ താരം ഇഞ്ചോടിഞ്ച് തന്നെ പൊരുതി. പക്ഷെ ചില നിര്‍ണായക നീക്കങ്ങളിലൂടെ അഡ്‌ലിങ്‌സണ്‍ തൂലികയെ അടിയറവ് പറയിക്കുകയായിരുന്നു. ജൂഡോയില്‍ ഇത്തവണ ഇന്ത്യക്കു ലഭിച്ച മൂന്നാമത്തെ മെഡല്‍ കൂടിയാണിത്.

 

സ്‌ക്വാഷിലെ വെങ്കല മെഡല്‍ നേട്ടതോടെ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് സൗരവ് ഖോശാല്‍. ഇന്ത്യക്കു വേണ്ടി സ്‌ക്വാഷ് സിംഗിള്‍സില്‍ മെഡല്‍ നേടിയ ആദ്യ താരമായി അദ്ദേഹം മാറി. ലോക റാങ്കിങില്‍ 15ാം സ്ഥാനത്തുള്ള സൗരവ് ഇംഗ്ലണ്ടിന്റെ ജെയിംസ് വിന്‍സ്‌ട്രോപ്പിനെ വീഴ്ത്തിയാണ് മെഡലണിഞ്ഞത്. കളിയുടെ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ ഇന്ത്യന്‍ താരം 11-6, 11-4 എന്ന സ്‌കോറിനു ജയിച്ചുകയറുകയായിരുന്നു. സൗരവിന്റെ രണ്ടാമത്തെ ഗെയിംസ് മെഡലാണിത്. 2018ലെ കഴിഞ്ഞ ഗെയിംസില്‍ മിക്‌സഡ് ഡബിള്‍സില്‍ ദീപിക പള്ളിക്കലിനൊപ്പം വെള്ളി കരസ്ഥമാക്കിയിരുന്നു.

 

അതേസമയം, വനിതകളുടെ ക്രിക്കറ്റ് ടീം സെമി ഫൈനലിലേക്കു മുന്നേറി. ബാര്‍ബഡോസിനെ 100 റണ്‍സിനു തകര്‍ത്താണ് ഇന്ത്യയുടെ സെമി പ്രവേശനം. നാലു വിക്കറ്റുകളെടുത്ത രേണുക സിങാണ് ബാര്‍ബഡോസിനെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ നാലു വിക്കറ്റിനു 162 റണ്‍സെടുത്തു. ജെമിമ റോഡ്രിഗസ് (46 ബോളില്‍ 56), ഷഫാലി വര്‍മ (26 ബോളില്‍ 43) തിളങ്ങി മറുപടിയില്‍ എട്ടു വിക്കറ്റിനു 62 റണ്‍സ് മാത്രമേ ബാര്‍ബഡോസിനു നേടാനായുള്ളൂ.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.