ആഫ്രിക്കന്‍ പന്നിപ്പനി ; നെന്‍മേനിയില്‍ 233 പന്നികളെ ഉന്മൂലനം ചെയ്തു
ബത്തേരി : ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച പൂളക്കുണ്ടിലെ സ്വകാര്യ ഫാമിലടക്കം നെന്‍മേനി ഗ്രാമപഞ്ചായത്തില്‍ 233 പന്നികളെ ഉന്മൂലനം ചെയ്തു. പൂളകുണ്ട് ഫാമിലെ 212 പന്നികളെയും ഒരു കിലോമീറ്റര്‍ പരിധിയിലെ മറ്റൊരു സ്വകാര്യ ഫാമിലെ 14 പന്നികളെയും ചൊവ്വാഴ്ച്ച അര്‍ദ്ധ രാത്രിയോടെ ഉന്മൂലനം ചെയ്തിരുന്നു.
പ്രതികൂല കാലാവസ്ഥയും കുഴിയെടുക്കാനുള്ള പ്രതിബന്ധങ്ങളും കാരണവും ബുധനാഴ്ച്ച രാവിലെയാണ് മൂന്നാമത്തെ ഫാമിലെ ഏഴു പന്നികളെ കൊല്ലാനുള്ള നടപടികള്‍ പൂര്‍ത്തിയായത്. തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി കെ ഭരതന്റെ നേതൃത്വത്തില്‍ കര്‍ഷകരുടെ ഫാമും പരിസരപ്രദേശങ്ങളും അണു നശീകരണം നടത്തി. 24 മണിക്കൂര്‍ നേരത്തെ നിരീക്ഷണ കാലത്തിനു ശേഷം ദൗത്യ അംഗങ്ങള്‍ നാളെ മടങ്ങും.