ദുരിത പെയ്ത്ത് ; വയനാട്ടിൽ പ്രളയഭീതി , പുഴകൾ കരകവിഞ്ഞു , പ്രധാന റോഡുകളിൽ വെള്ളം കയറി
സുൽത്താൻ ബത്തേരി : ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയെ തുടർന്ന് വയനാട്ടിലെ വിവിധയിടങ്ങളിൽ വെള്ളം കയറി. പുഴകളും തോടുകളും കരകവിഞ്ഞൊഴുകി പ്രധാന റോഡുകളിൽ ഉൾപ്പെടെ വെള്ളം കയറി.
മുത്തങ്ങ പുഴ കരകവിഞ്ഞ് ദേശീയപാത 766 തകരപ്പാടിയിൽ വെളളം കയറി ഗതാഗതം തടസപ്പെട്ടു. ചുണ്ടക്കുനി കോളനിയിലെ 5 കുടുംബങ്ങളെ ഫയർ ഫോഴ്സെത്തി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.
പാതിരിപ്പാലം പുഴ കരകവിഞ്ഞ് നിരവധി കുടുംബങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലായി. പാതിരിപ്പാലം കോളനി, പടവയൽ, ഭാഗങ്ങളിൽ വെള്ളം കയറി. ഇരുപത്തിമൂന്നോളം വീടുകളിലേക്കാണ് വെള്ളം ഒഴുകിയെത്തിയത്. കൂടാതെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വെള്ളക്കയറ്റമുണ്ടായി. ഇതോടെ വയനാട്ടിലെ ടൂറിസം കേന്ദ്രങ്ങളെല്ലാം അടച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ തുറന്ന് സുരക്ഷാ നടപടിയിലേക്ക് നീങ്ങുകയാണ് ജില്ല.